ബംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍

ബംഗളൂരു: ബംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അജ്ഞനഹള്ളി തടാകത്തില്‍ നിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സെപ്തംബര്‍ 12നാണ് ഓട്ടോമൊബൈല്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ ശരത്തിനെ കാണാതായത്. ബംഗളൂരുവില്‍ താമസക്കാരനായ മലയാളിയായ ആദായനികുതി ഉദ്യോഗസ്ഥന്‍ നിരജ്ഞന്‍ കുമാറിന്റെ മകനാണ് ശരത്.

ശരത് പുതിയതായി വാങ്ങിയ ബുള്ളറ്റില്‍ സുഹൃത്തിനെ കാണാന്‍ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞ് പോയതായിരുന്നു. പിന്നീട് ഒരുവിവരവും ലഭിച്ചിരുന്നില്ല.

പിന്നീട് 13 ാം തിയ്യതി ഒരുവാട്‌സ്ആപ്പ് സന്ദേശം ശരത്തിന്റെ അമ്മയ്ക്ക് ലഭിച്ചിരുന്നു.തട്ടിക്കൊണ്ടുപോയവര്‍ 50 ലക്ഷം ആവശ്യപ്പെടുന്നതായും പോലീസില്‍ അറിയിക്കരുതെന്നുമാണ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് 14ാം തിയ്യതി ശരത്തിന്റെ മാതാപിതാക്കള്‍ ജ്ഞാനഭാരതി പോലീസില്‍ പരാതി നല്‍കി.

വെള്ളിയാഴ്ച രാവിലെയാണ് ശരത്തിന്റെ മൃതദേഹം അഞ്ജനഹളളി തടാകത്തില്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.