ജയിലിലടച്ച ദലിത് പെണ്‍കുട്ടികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

Untitled-1 copyകണ്ണൂര്‍:തലശ്ശേരിയില്‍ അറസ്റ്റ് ചെയ്ത ദലിത് പെണ്‍കുട്ടികള്‍ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത അഖില, അഞ്ജന എന്നീ പെണ്‍കുട്ടികള്‍ക്ക് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ പിതാവാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. എല്ലാ ശനിയാഴ്ചയും അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നാണ് ഉപാധി. ഇവരെ പാസ്‌പോര്‍ട്ട് സ്‌റ്റേഷനില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംഭവത്തില്‍ നേരത്തെ പട്ടികജാതി കമ്മീഷന്‍ സ്വമേധയ കേസെടുത്തിരുന്നു. പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന പട്ടികജാതി കമ്മീഷന്‍ സ്വമേധയ കേസെടുത്തത്. ജില്ല പൊലീസ് ഓഫീസറോടും ജില്ലാ പട്ടികജാതി കമ്മീഷനോടും സംസ്ഥാന കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. റിമാന്‍ഡിലായ പെണ്‍കുട്ടികള്‍ക്ക് കമ്മീഷന്‍ നിയമസഹായം നല്‍കുമെന്നും യുവതികളെ ജയിലില്‍ സന്ദര്‍ശിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍എല്‍ പുനിയ അറിയിച്ചിരുന്നു. സംഭവത്തില്‍ അന്വേഷമം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരമേഖല എഡിജിപിക്ക് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അഖില ഒന്നര വയസുള്ള കൈക്കുഞ്ഞിനൊപ്പമാണ് ജയിലിലേക്ക് പോയത്.