ബഹ്‌റൈനില്‍ ശമ്പളം ലഭിക്കാതെ തൊഴിലാളികള്‍;എതിര്‍ക്കുന്നവരെ നാട്ടിലേക്ക് കയറ്റിവിടുന്നു

മനാമ: രാജ്യത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികള്‍ ശമ്പളം ലഭിക്കാതെ നട്ടംതിരിയുന്നു. മൂന്ന് മാസത്തോളമായി പലര്‍ക്കും ശമ്പളം ലഭിച്ചിട്ട്. എഴുനൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്.

അതെസമയം ഇവര്‍ തൊഴില്‍ മന്ത്രാലയത്തില്‍ ഇതുവരെ പരാതിപ്പെട്ടിട്ടില്ല. എന്നാല്‍ തങ്ങള്‍ക്ക് പരാതിപ്പെടാന്‍ ഭയമാണെന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങളും ശമ്പളവും കമ്പനി തടഞ്ഞുവെക്കുമോ എന്ന ഭയമാണ് തങ്ങള്‍ക്ക് ഉള്ളതെന്നും തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെങ്കിലും സംഭവം അറിഞ്ഞ സ്ഥിതിക്ക് അന്വേഷണം നടത്തുമെന്നും തൊഴില്‍ മന്ത്രാലയം അണ്ടര്‍സെക്രട്ടറി അറിയിച്ചു. ശമ്പളം ലഭിക്കാത്ത കമ്പനിയിലെ പല തൊഴിലാളികളും ജോലിക്ക് പോകാതെ പ്രതിഷേധിച്ചിരുന്നു. ഇതോടെ എതിര്‍ക്കുന്നവരെ നാട്ടിലേക്ക് കയറ്റിവിടുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.

എന്നാല്‍ മൂന്ന് മാസത്തെ ശമ്പളം ലഭിച്ചില്ലെന്നത് ശരിയല്ലെന്നാണ് കമ്പനിയുടെ നിലപാട്. ക്യാമ്പില്‍ മുപ്പതോളം തൊഴിലാളികള്‍ മാത്രമാണ് തൊഴിലില്ലാതെ ഇരിക്കുന്നത്. കമ്പനിയുടെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ഈ അവസ്ഥയെന്നും ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പല പ്രോജക്ടുകളുടെയും പണം ലഭിക്കാനുണ്ടെന്നും അതാണ് സാമ്പത്തിക ബാധ്യതയ്ക്ക് കാരണമെന്നും കമ്പനി അധികൃതര്‍ പറയുന്നു.

ഭൂരിപക്ഷം കണ്‍സ്ട്രക്ഷന്‍ കമ്പനികളിലും തൊഴിലാളികള്‍ക്ക് 40,50 ദിനാര്‍ വീതമാണ് അടിസ്ഥാന ശമ്പളമായി നല്‍കുന്നത്. വിലക്കയറ്റത്തെ തുടര്‍ന്ന് നട്ടംതിരിയുകയാണ് ഇന്ത്യക്കാരടക്കമുള്ള പതിനായിരക്കണക്കിന് തൊഴിലാളികള്‍. പലരും നാട്ടിലേക്ക് തിരിച്ചുപോകുന്നതിനെ കുറിച്ചുള്ള ആലോചനയിലുമാണ്.

വര്‍ദ്ധിച്ച ജീവിത ചിലവിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പല പ്രവാസികളും തങ്ങളുടെ കുടുംബത്തെ നാട്ടിലേക്കയക്കുകയാണ്. ഈ സാഹചര്യത്തില്‍ വര്‍ഷങ്ങളായി തങ്ങളുടെ ശമ്പളത്തില്‍ ഒരു വര്‍ദ്ധനവും ഉണ്ടാകുന്നില്ല എന്നതും തൊഴിലാളികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.