ബഹ്‌റൈനില്‍ മുടങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ശമ്പളക്കുടിശ്ശിക വിതരണം തുടങ്ങി

മനാമ: അഞ്ച് മാസമായി ശമ്പളം മുടങ്ങിക്കിടക്കുന്ന നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളുടെ ശമ്പളം വിതരണം തുടങ്ങി. തുക ഈ ആഴ്ചയില്‍ തന്നെ വിതരണം ചെയ്യുമെന്നും ധനമന്ത്രാലയത്തില്‍ നിന്നാണ് ഇതിനുള്ള തുക അനുവദിച്ചതെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സബാഹ് അല്‍ ദോസരി വ്യക്തമാക്കി.

തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും മന്ത്രാലയത്തിന്റേയും ജോയിന്റ് അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്. എല്ലാ തൊഴിലാളികള്‍ക്കും തുക ലഭിച്ചുവെന്ന് ഉറപ്പുവരുത്താനാണ് ഈ തീരുമാനം.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ബഹ്‌റൈന്‍ എന്നും മുന്നിലാണെന്നും തൊഴിലാളികളുടെ ശമ്പളം ഒരുകാരണവശാലും മുടങ്ങാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞദിവസവും ശമ്പളം ലഭിക്കാത്ത എണ്‍പതോളം തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതെസമയം ശമ്പളവും ആനുകൂല്യങ്ങളും ലഭിച്ചുകഴിഞ്ഞ പലരും തങ്ങളുടെ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.