ബഹ്‌റൈനില്‍ തൊഴിലാളികള്‍ക്കാശ്വാസമായ് ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരാന്‍ രണ്ടുനാള്‍

മനാമ: രാജ്യത്ത് കനത്തചൂടില്‍ ദുരിതത്തിലായ തൊഴിലാളികള്‍ക്കാശ്വാസമായി ഉച്ച വിശ്രമ നിയമം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പകല്‍സമയത്തെ കനത്ത ചൂടമൂലം നിര്‍മാണ മേഖലയിലും മറ്റ് പുറം ജോലികളിലും ഏര്‍പ്പെടുന്ന തൊഴിലാളികള്‍ ഏറെ കഷ്ടപ്പെടുകയാണിപ്പോള്‍.

ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളില്‍ ഉച്ച വിശ്രമ നിയമം കർശനമായി നടപ്പാക്കണമെന്ന് വിവിധ കമ്പനികളോട് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇത്തവണയും നിയമം പാലിക്കപ്പെടുന്നുണ്ടെന്ന്​ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.  ഉച്ച 12മുതല്‍ വൈകീട്ട് നാലുമണി വരെ ജുലൈ, ആഗസ്​റ്റ്​ മാസങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധിക്കുന്നതാണ്​ ഇൗ നിയമം.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്​ഞാബദ്ധമാണ്. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കു​േമ്പാൾ തന്നെ, തൊഴിലാളികളുടെ ക്ഷേമത്തിന്​ പ്രാധാന്യം നൽകേണ്ടതുണ്ട്​.
വേനലിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം സൃഷ്​ടിക്കാൻ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും കമ്പനി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു. വേനലില്‍ സൂര്യാതപം, നിര്‍ജലീകരണം എന്നിവക്ക് സാധ്യതയുണ്ട്​. അതിനാല്‍ തൊഴിലാളികളോട്​ മതിയായ അളവിൽ വെള്ളം കുടിക്കാന്‍ നിര്‍ദേശിക്കണമെന്നും  മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പറഞ്ഞു.