ബഹ്‌റൈനില്‍ തൊഴിലാളികളുടെ മുടങ്ങിയ ശമ്പളം ഉടന്‍ ലഭിക്കും

മനാമ: ബഹ്‌റൈനില്‍ നിര്‍മ്മാണകമ്പനികളിലെ മുടങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ശമ്പളം ഉടന്‍ ലഭിക്കും. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് തൊഴില്‍ മന്ത്രാലയത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് മാസത്തോളമായി ശമ്പളം മുടങ്ങിക്കിടക്കുന്ന ബഹ്‌റൈനിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.

തൊഴിലാളികളുടെ എല്ലാപ്രശ്‌നങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ ബഹ്‌റൈന്‍ എന്നും പ്രാധാന്യം നല്‍കുന്നതായും തൊഴിലാളികളുടെ ശമ്പളം മുടങ്ങാന്‍ ഒരു കാരണവശാലും ഇടവരുത്തരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി മാസങ്ങളായി തൊഴിലാളികള്‍ പ്രക്ഷോഭത്തിലായിരുന്നു. കരാറുകള്‍ പൂര്‍ത്തിയാക്കിയ വകയില്‍ സര്‍ക്കാറില്‍നിന്ന് 500,000 ദിനാര്‍ ലഭിച്ച ശേഷം കമ്പനി പലര്‍ക്കും പണം നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് പലരും നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇവിടെ തങ്ങുന്ന പലരുടെയും വിസ കാലാവധി തീര്‍ന്നിട്ടുണ്ട്. 60 ദിനാര്‍ മുതല്‍ 120 ദിനാര്‍വരെ വളരെ തുച്ഛമായ ശമ്പളം വാങ്ങിയാണ് പല തൊഴിലാളികളും പത്തും പതിനഞ്ചും വര്‍ഷമായി ഇവിടെ തുടരുന്നത്. ഇവരുടെ പാസ്‌പോര്‍ട്ടും കമ്പനിയുടെ കൈവശമാണുള്ളത്.