ബഹ്‌റൈനില്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സൂക്ഷമ നിരീക്ഷണത്തില്‍

മനാമ: രാജ്യത്ത് പല വാട്‌സാപ്പ് ഗ്രൂപ്പുകളും ബഹ്‌റൈന്‍ ഗവണ്‍മെന്റിന്റെ സൂക്ഷമ നിരീക്ഷണത്തില്‍. രാജ്യത്തിന് ഭീഷണിയാകുന്ന രീതിയില്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി സന്ദേശങ്ങള്‍ കൈമാറുകയും വ്യാപകമായി ഗൂഢാലോചനകള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. പരസ്പരം സന്ദേശങ്ങള്‍ അയക്കുകയും അടുത്ത് ഇടപഴകുകയും ചെയ്യുന്ന സൗഹൃദ കൂട്ടായ്മകളായി പ്രവര്‍ത്തിക്കുന്ന പല വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും കോട്ടം തട്ടിക്കുന്ന വാര്‍ത്തകളും അനാവശ്യ സംഭാഷണങ്ങളും ഫോട്ടോകളും വിഡീയോകളും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പേഴ്‌സണല്‍ ഗ്രൂപ്പുകള്‍ വഴിയാണ് ഇത്തരത്തിലുള്ള അനാവശ്യ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അഡ്മിനുകളെയാണ് നിയമം കാര്യമായി ബാധിക്കുക. തെറ്റായ വാര്‍ത്തകള്‍ ഇത്തരം ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ വാഹനാപകടങ്ങളുടെയും ദുരന്തങ്ങളുടെയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും നിമപരമായി തെറ്റാണ്. ഫേസ്ബുക്ക് പോലെയുള്ള ഇടങ്ങളില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്നതിന് ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ് . അല്ലാത്ത പക്ഷം ആരെങ്കിലും പരാതിയുമായി മനന്ത്രാലയത്തെ സമീപിച്ചാല്‍ നിയമനടപടി ഉണ്ടാകും.

അഞ്ജാത സന്ദേശങ്ങള്‍ സ്വീകരിച്ചതിലൂടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായുള്ള പരാതികളും ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സന്ദേശങ്ങളും ലിങ്കുകളും തുറക്കുന്നതിന് മുമ്പ് ആരാണ് അയച്ചതെന്ന കാര്യം ഉറപ്പുവരുത്തണം. പോണ്‍ സൈറ്റുകള്‍ക്ക് ബഹ്‌റൈനില്‍ അനുവാദമില്ല. എന്നാല്‍ വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ പ്ലാറ്റ് ഫോമുകളിലൂടെ ധാരാളം അശ്ലീല ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നുണ്ട്. ഇതും ശിക്ഷാര്‍ഹമായ കാര്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.