ബഹ്‌റൈനില്‍ വിസ കാലവധി കഴിവര്‍ക്ക് പിഴ നല്‍കി ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും

ബഹ്‌റൈന്‍: രാജ്യത്ത് അനധികൃത തൊഴിലാളികളുടെ രേഖകള്‍ നിയമപ്രകാരമാക്കുന്നതിനുളള പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതുപ്രകാരം വിസ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് പിഴയും ഫീസും നല്‍കി ഫ്ളെക്‌സിബിള്‍ വര്‍ക് പെര്‍മിറ്റ് ലഭിക്കുന്നതിന് സൗകര്യമൊരുക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി സമര്‍പ്പിച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.

ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷത വഹിച്ചു. വിവിധ പ്രദേശങ്ങളുടെ ആവശ്യങ്ങൾ അറിയാനും അത്​ പരിഹരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ജനങ്ങളില്‍ നിന്നുയരുന്ന പരാതികളുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്​. ഇതിനായി ചുമതലപ്പെടുത്തപ്പെട്ട  മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. മന്ത്രാലയങ്ങള്‍ മാധ്യമങ്ങളുമായി നിരന്തര ബന്ധം സ്ഥാപിക്കണം.  ജനാഭിപ്രായം അറിയുന്നതിന് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം. തീവ്രവാദ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തി​​െൻറ സുരക്ഷക്ക് തുരങ്കം വെക്കാന്‍ ശ്രമിച്ചവരെ പിടികൂടുന്നതിനും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടികള്‍ക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. സൗദിയിലെ പുതിയ കിരീടാവകാശിയായി സല്‍മാന്‍ രാജാവ് നിശ്ചയിച്ച അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്​ദുല്‍ അസീസ് ആല്‍സുഊദിന് മന്ത്രിസഭ ആശംസകള്‍ നേര്‍ന്നു.

രത്‌നങ്ങളും മുത്തുകളും പരിശോധിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തുന്നതിന് ‘ബഹ്‌റൈന്‍ പേള്‍ ആൻറ്​ പ്രഷ്യസ് സ്‌റ്റോണ്‍ ഇൻസ്​റ്റിറ്റ്യൂട്ട്’ സമര്‍പ്പിച്ച നിര്‍ദേശം അംഗീകരിച്ചു.മയക്കുമരുന്ന് വസ്തുക്കളടങ്ങിയ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നതിനോ ഇറക്കുമതി ചെയ്യുന്നതിനോ ഉള്ള വ്യവസ്​ഥകൾ പരിഷ്‌കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത്തരം മരുന്നുകളുടെ വിപണനത്തിന് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു.  ഇരട്ട നികുതി ഒഴിവാക്കുന്നതിനും അതുവഴി നികുതിവെട്ടിപ്പ് തടയുന്നതിനും ബഹ്‌റൈനും തായ്‌ലൻറും തമ്മില്‍ കരാറില്‍ ഒപ്പുവെക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഹരിത കെട്ടിടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതി​​െൻറ ഭാഗമായി  കാനഡ ആസ്ഥാനമായുള്ള ‘ഇൻറര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഗ്രീന്‍ ബില്‍ഡിങ്​സി’ല്‍  ‘ബഹ്‌റൈന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍’ രജിസ്​റ്റര്‍ ചെയ്യാന്‍ അംഗീകാരം നല്‍കി. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

 

Related Articles