ബഹ്‌റൈനില്‍ മോഷണം വര്‍ധിക്കുന്നു; വാഹനങ്ങളില്‍ പണവും പാസ്‌പോര്‍ട്ടും സൂക്ഷിക്കരുത്

മനാമ: നിര്‍ത്തിയിട്ട വാഹനങ്ങളില്‍ മോഷണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ പണവും പാസ്‌പോര്‍ട്ട് മറ്റ് അത്യാവശ്യ രേഖകള്‍ എന്നിവ വാഹനങ്ങളില്‍ സൂക്ഷിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. താമസ സ്ഥലങ്ങള്‍ സുരക്ഷിതമല്ലാത്ത കാരണമാണ് പലരും വാഹനങ്ങളില്‍ പണവും രേഖകളും സൂക്ഷിക്കുന്നത്. ഇതാകട്ടെ മോഷ്ടാക്കള്‍ക്ക് അനുഗ്രഹമാവുകയാണ്.

ഫ്രീ വിസയില്‍ ജോലി ചെയ്യുന്നവര്‍, സി.പി.ആര്‍ പുതുക്കാത്തവര്‍ തുടങ്ങി പലരും തങ്ങള്‍ മോഷണത്തിന് ഇരകളാകുമ്പോള്‍ അത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും മോഷ്ടാക്കള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മലയാളി യുവാവ് വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 400 ദിനാര്‍ മോഷണം പോയതിനെ തുടര്‍ന്ന് അദേഹത്തിന്റെ കമ്പനിയിലെ ജോലി തന്നെ നഷ്ടപ്പെടുകയുണ്ടായി. സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍, കളക്ഷന്‍ ജീവനക്കാര്‍ തുടങ്ങിയവരാണ് ഇത്തരത്തില്‍ മോഷണത്തിന് ഇരയാകുന്നവരില്‍ ഏറെയും.

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ മാത്രം മോഷണം നടത്തുന്ന ഒരു വലിയ സംഘം തന്നെ ബഹ്‌റൈനിലെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ ആള്‍താമസില്ലാത്ത സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയിടുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.