ബഹ്‌റൈനില്‍ പുതിയ നികുതികള്‍ നിര്‍ത്തിവെച്ചേക്കും

മനാമ :രാജ്യത്ത് പിന്തുണാ പദ്ധതികള്‍ സംബന്ധിച്ച് ഗവണ്‍മെന്റുമായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് വരെ പുതിയ നികൂതികള്‍ ചുമത്തുന്നത് നിര്‍ത്തിവെക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. എക്‌സിക്യുട്ടീവ്(സര്‍ക്കാര്‍), ലെജിസ്ലേറ്റീവ്(പാര്‍ലമെന്റ് ആന്റ് ഷൂറ കൗണ്‍സില്‍) അംഗങ്ങള്‍ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

നിലവില്‍ അര്‍ഹരായിട്ടുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ലഭിക്കുന്നത് സര്‍ക്കാര്‍ സബ്‌സിഡികള്‍ തുടരണമെന്ന ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം നടന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ അലി അല്‍ അറാദിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഉപപ്രധാനമന്ത്രിയും ധനകാര്യവകുപ്പ് ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധി സംഘവും പങ്കെടുത്തു. രാജ്യത്തിന്റെയും പൗരന്‍മാരുടെയും താല്‍പര്യങ്ങള്‍ നേടിയെടുക്കുന്നതിന് സഭകള്‍ തമ്മിലുള്ള സഹകരണം ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ഒരു മീറ്റിങ് വിളിച്ചുചേര്‍ത്തതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അലി അല്‍ അറാദി വ്യക്തമാക്കി.