ബഹ്‌റൈനില്‍ കുട്ടികളെ പത്ത് ദിവസത്തിലധികം സ്‌കൂളില്‍ വിട്ടില്ലെങ്കില്‍ രക്ഷിതാകള്‍ക്കെതിരെ നടപടി

മനാമ: വിദ്യാര്‍ത്ഥികള്‍ പത്ത് ദിവസത്തിലധികം സ്‌കൂളില്‍ വരുന്നത് അന്യായമായി തടയുന്ന രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യഭ്യാസമന്ത്രി ഡോ.മാജിദ് ആല്‍ നുഐമി. കുട്ടികളുടെ പൂര്‍ണമായ വിദ്യഭ്യാസ അവകാശങ്ങള്‍ ഉറപ്പുവരുത്താത്ത രക്ഷിതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദേഹം പറഞ്ഞു.

കുട്ടികള്‍ ക്ലാസില്‍ ഹാജരാകാത്തതിനുള്ള കാരണം മന്ത്രാലയത്തിന് സ്വീകാര്യമല്ലാതിരിക്കുകയോ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് രക്ഷിതാക്കള്‍ അവഗണിക്കുകയോ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട കമ്മിറ്റി ആവശ്യമായ രേഖകള്‍ സഹിതം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കണം. ഇതുപ്രകാരം എല്ലാ സ്‌കൂളുകളിലും ഹാജര്‍ പരിശോധിക്കുന്നത് ശക്തമാക്കിയിട്ടുണ്ട്. ഹാജര്‍ കുറയുകയോ സ്‌കൂളില്‍ നിന്ന് വിടുതല്‍ വാങ്ങുകയോ ചെയ്താല്‍ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃര്‍ കാരണം അന്വേഷിക്കണമെന്നും വിദ്യഭ്യാസ മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ഫവാസ് ആല്‍ ശുറൂഖി വ്യക്തമാക്കി. സ്‌കൂള്‍ അധികൃതര്‍ക്ക് പരിഹരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണെങ്കില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറണമെന്നും അദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്താതിരിക്കാന്‍ കാരണം രക്ഷിതാക്കളാണെന്ന് തെളിയുകയും അവര്‍ ബന്ധപ്പെട്ട വകുപ്പുമായി നിസഹകരിക്കുകയും ചെയ്താല്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന കത്ത് വകുപ്പില്‍ നിന്ന് അയക്കും. തുടര്‍ന്ന് കേസ് മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറാനും നടപടിയെടുക്കും. നേരത്തെ നിരവധി കേസുകള്‍ മന്ത്രാലയം ഇടപ്പെട്ട് ശരിയാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.