ബഹ്‌റൈനില്‍ കനത്ത ചൂടിലും ശമ്പളം ലഭിക്കാതെ നട്ടംതിരിയുന്ന പ്രവാസി തൊഴിലാളികള്‍

മനാമ: ചുട്ടുപൊള്ളുന്ന ചൂടില്‍ പണിയെടുത്തിട്ടും തങ്ങളുടെ ശമ്പളം ലഭിക്കാതെ നട്ടം തിരിയുകയാണ് മലയാളികള്‍ ഉഴള്‍പ്പെടെയുള്ള തൊഴിലാളികള്‍. പല സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ നരകയാതന അനുഭവിക്കുകയാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി മാസങ്ങളോളം ശമ്പളം ലഭിക്കാതെ നിരവധി പേരാണ് ഇന്ത്യന്‍ എംബസിയില്‍ പരാതിയുമായെത്തിയിരിക്കുന്നത്.

നിത്യവൃത്തിക്കുള്ള പണം പോലുമില്ലാതെ പലരും സുഹൃത്തുക്കളുടെ ദയയില്‍ ജീവിതം തള്ളി നീക്കുകയാണ്. ഇതിനിടെ ഇലക്ട്രിസിറ്റി ബില്ല് അടയക്കാത്ത പരുടെയും വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. ഇതോടെ കൊടിയ ചൂടില്‍ വെന്തുരുകി കഴിയുകയാണ് പലരും.

പരാതി ലഭിച്ച സാഹചര്യത്തില്‍ എംബസി അധികൃതര്‍ തൊഴിലുടമകളുമായി സംസാരിച്ചുപ്പോള്‍ പല ഒഴിവുകഴിവുകളുമായി അവര്‍ പിന്‍മാറുകയായിരുന്നു. എന്നാല്‍ അധികൃതരുടെ ശക്തമായ ഇടപെടലുണ്ടായതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ പണം നല്‍കാമെന്ന് തൊഴിലുടമകള്‍ അറിയിച്ചിട്ടുണ്ട്.

കനത്ത ചൂടില്‍ ദുഷ്‌ക്കരമായ രീതിയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍കഴിഞ്ഞിട്ട്. എന്നിരുന്നാലും അതൊക്കെ താല്‍ക്കാലികമായുള്ളവയാണ്.

വിസയ്ക്ക് ലക്ഷങ്ങള്‍ നല്‍കി ഇവിടെയത്തുന്ന പ്രവാസികള്‍ ശമ്പളം ലഭിക്കാതെ കഷ്ടപ്പെടുകയാണ്. തങ്ങളുടെ വീടുകള്‍ പട്ടിണിയിലാണെന്നും ഇവര്‍ നല്‍കിയ പരാതിയല്‍ പറയുന്നുണ്ട്. ഉയര്‍ന്ന ശമ്പളവും നല്ല ജീവിത സാഹചര്യങ്ങളും നല്‍കാമെന്ന മോഹന വാഗ്ദധാനങ്ങളില്‍പ്പെട്ട് ഇവിടെ വന്ന് ചതിക്കുഴിയില്‍ വീണ നിരവധി പേരാണ് ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ പകച്ചുനില്‍ക്കുന്നത്.