ഔട്ടാക്കില്ല…50 കഴിഞ്ഞാലും പ്രവാസികള്‍ക്ക് ബഹ്‌റൈനില്‍ തുടരാം

മനാമ: പ്രവാസികള്‍ക്കിടയില്‍ ഏറെ ആശങ്ക ഉണ്ടാക്കിയ പ്രശ്‌നത്തിന് ആശ്വാസമായി. 50 വയസ് കഴിഞ്ഞ പ്രവാസിക്ക് രാജ്യത്ത് തുടരാം. 50 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസികളെ വിലക്കുകയും നിലവിലുള്ള തൊഴിലുകളില്‍ നിന്ന് പിരിച്ചുവിടാനും നിര്‍ദേശിക്കുന്ന ബില്ല് പാര്‍ലമെന്റ് തള്ളിക്കളഞ്ഞതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വസമായിരിക്കുകയാണ്.

ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഒടുക്കം ഭൂരിപക്ഷം എംപിമാരും ഈ ബില്ലിനെതിരായി വോട്ട് ചെയ്യുകയായിരുന്നു. കൗണ്‍സിലിലെ സര്‍വീസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍മേലാണ് വോട്ടെടുപ്പ് നടന്നത്. അബ്ദുള്‍ഹമീദ് അല്‍ നജ്ജാര്‍ എം പിയാണ് ആദ്യം ബില്ലിനെ അനുകൂലിച്ച് ആദ്യം രംഗത്ത് വന്നത്. തൊഴിലാളികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്താനും ഈ നിര്‍ദേശം സഹായിക്കുമെന്ന വാദം നിരത്തിയാണ് അദേഹം രംഗത്തെത്തിയത്.

എന്നാല്‍ അന്താരാഷ്ട്ര തൊഴില്‍ കണ്‍വെന്‍ഷനുകളിലുണ്ടാക്കിയ കരാറുകളുടെ ലംഘനമാണ് ഇത്തരമൊരു വാദമെന്നും ഈ നിര്‍ദേശം ഗുണകരമാകില്ലെന്നും ഇതിന് മുറുപടിയായി ഡപ്യൂട്ടി സ്പീക്കര്‍ അലി അല്‍ അറാദി പറഞ്ഞു. കൂടാതെ അന്താരാഷ്ട്ര തലത്തില്‍ വിരമിക്കല്‍ പ്രായം 60 വയസ്സിനും 65 വയസ്സിനും ഇടയിലാണെന്നും സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ , ധനകാര്യം, സാമ്പത്തിക, കണ്‍സള്‍ട്ടന്‍സി മേഖലകളില്‍, ജോലിക്കാരന്റെ അനുഭവ സമ്പത്ത് അത്യാവശ്യമാണെന്നും സ്പീക്കര്‍ കൂട്ടി ചേര്‍ത്തു.

50 വയസ്സിനു മുകളിലുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് തൊഴിലുടമകളെ വിലക്കുന്ന പക്ഷം രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ അത് സാരമായി ബാധിക്കുമെന്ന് ലീഗല്‍ അഫയേഴ്‌സ് കമ്മിറ്റി മേധാവി മുഹമ്മദ് മിലാദ് വ്യക്തമാക്കി. മാത്രവുമല്ല പൊതുമേഖലകള്‍ക്ക് വിരമിക്കല്‍ പ്രായം നിര്‍ബന്ധമാക്കുന്നതുപോലെ സ്വകാര്യമേഖലയില്‍ ഈ നിര്‍ദേശം പ്രാവര്‍ത്തികമാകുക സാധ്യമല്ലെന്നും അദേഹം വ്യക്തമാക്കി. അദേഹത്തിന്റെ ഈ നിലപാടുകളോട് സഭയിലെ ഭൂരിഭാഗവും ഐക്യപ്പെട്ടതോടെയാണ് പ്രവാസികളെ പ്രതികൂലമായി ബാധിക്കുമായിരുന്ന ബില്‍ തള്ളിപ്പോയത്.