ബഹ്‌റൈനില്‍ വ്യക്തിവിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ പ്രവാസികള്‍ക്കും 50 ദിനാര്‍ പിഴ

മനാമ: വ്യക്തി വിവരങ്ങള്‍ പുതുക്കാതെ സത്തേണ്‍ ഏരിയ മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് 50 ബഹ്‌റൈന്‍ ദിനാര്‍ പിഴ ചുമത്തും. ഗവര്‍ണറേറ്റില്‍ താമസിക്കുന്ന പൗരന്മാരും പ്രവാസികളും ഇതില്‍ ഉള്‍പ്പെടുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

പിഴ ഏര്‍പ്പെടുത്തുന്നത് റിഫ, ഇസാടൗണ്‍,സല്ലാഖ് തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാര്‍ക്കാണ്. മുനിസിപ്പാലിറ്റിലെ ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് ഡയറക്ടറേറ്റാണ് കത്ത് നല്‍കിയിരിക്കുന്നത്. 50 ബഹ്‌റൈന്‍ ദിനാര്‍ പിഴ നല്‍കുന്നത് ഒഴിവാക്കാന്‍ മുനിസിപ്പല്‍ അക്കൗണ്ട് ഡാറ്റ പുതുക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു.

താമസക്കാര്‍ പാട്ടക്കരാര്‍ അല്ലെങ്കില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍(സി ആര്‍) ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും ഐഡന്റിറ്റി കാര്‍ഡും സഹിതം മുനിസിപ്പാലിറ്റിയിലെ ഓഫീസ് 11 ല്‍ എത്തണമെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി 17986152 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. റവന്യു ഡിവിഷന്‍ ഹെഡ് ഒപ്പു വെച്ചിട്ടുള്ള കത്ത് കിട്ടിക്കഴിഞ്ഞാല്‍ പത്ത് ദിവസത്തിനുള്ളില്‍ തന്നെ മറുപടി നല്‍കിയില്ലെങ്കില്‍ 50 ബഹ്‌റൈന്‍ ദിനാര്‍ പിഴ ചുമത്തും. 2018 ജനുവരി 1 മുതല്‍ നിയമം പ്രാബല്യക്കില്‍ വരും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.