ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ 500 ദിനാര്‍

മനാമ: ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ പ്രവാസികള്‍ക്ക് 500 ദിനാര്‍ അടയ്ക്കണമെന്ന ശുപാര്‍ശ പാര്‍ലമെന്റിന്റെ വിദേശകാര്യ പ്രതിരോധ സുരക്ഷാ കമ്മിറ്റി അവതരിപ്പിച്ചു. ഇതിനായി 2014 ലെ ഗതാഗത നിയമത്തിന് ഭേദഗതി വരുത്താനും പാര്‍ലമെന്റ് അംഗങ്ങള്‍ ശുപാര്‍ശ ചെയ്തു.

ഇതിനുപുറമെ ഓരോ വര്‍ഷവും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് 50 ദിനാര്‍ വീതം പ്രവാസി ഡ്രൈവര്‍മാര്‍ പുതുക്കല്‍ ചാര്‍ജ്ജായും നല്‍കേണ്ടിവരും. നിലവില്‍ 20 ദിനാറായിരുന്നു സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലൈസന്‍സ് പുതുക്കലിന് അഞ്ച് വര്‍ഷത്തേക്ക് ചാര്‍ജ്ജായി നല്‍കേണ്ടിയിരുന്നത്. പുതിയ തീരുമാനത്തോടെ അഞ്ച് വര്‍ഷത്തേക്ക് അത് 250 ദിനാറായി മാറും. എന്നാല്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും ജിസിസി പൗരത്വം ഉളളവര്‍ക്കും പുതുക്കുന്ന നിരക്ക് ബാധകമായിരിക്കില്ല. കൂടാതെ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉള്ള വിദേശികള്‍ ഓരോ വാഹനത്തിനും പ്രതിമാസം 50 ദിനാര്‍ വീതം മന്ത്രാലയത്തില്‍ ഫീസ് ആയി അടയ്ക്കണമെന്നും പാര്‍ലമെന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തു.

500 ദിനാര്‍ ലൈസന്‍സിനായി ചിലവാക്കാന്‍ കഴിയാത്തവര്‍ കമ്പനി വാഹനങ്ങളോ പൊതുവാഹനങ്ങളോ ഉപയോഗിക്കണമെന്ന് വിദേശകാര്യ പ്രതിരോധ സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള ബിന്‍ ഹുവാലി അഭിപ്രായപ്പെട്ടു. വാഹനങ്ങള്‍ സ്വന്തമായി ആവശ്യമില്ലാത്ത പല വിദേശികളും ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് അനധികൃത ടാക്‌സി സര്‍വീസുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായും അദേഹം വ്യക്തമാക്കി.

അതെസമയം ഡ്രൈവ്ങ് ലൈസന്‍സ് തുക 500 ദിനാറിയി വര്‍ദ്ധിപ്പിക്കുന്നത് സാധാരണ പ്രവാസികളുടെ ഡ്രൈവിംഗ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകും. ലൈസന്‍സ് എടുത്തവര്‍ക്ക് പുതുക്കാനുള്ള ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതും തൊഴില്‍ മേഖലയെ സാരമായി ബാധിക്കും. സെയില്‍സ്മാന്‍മാര്‍, മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് ജോലിയുടെ ഭാഗമായി വാഹനം കൂടിയെ തീരു. എന്നാല്‍ നിരക്ക് വര്‍ധന ഇത്തരം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അമിതഭാരമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.