ബഹറൈനില്‍ പരസ്യ നോട്ടീസുകള്‍ വിതരണം ചെയ്താല്‍ കനത്ത പിഴ

മനാമ: പരസ്യ നോട്ടീസുകള്‍ അനുവാദമില്ലാതെ വിതരണം ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ചുമത്താന്‍ അധികൃതര്‍ നടപടികള്‍ ആരംഭിച്ചു. ഫ്‌ളാറ്റുകളിലും വാഹനങ്ങളിലും പരസ്യ നോട്ടീസുകളും ലീഫ് ലെറ്റുകളും വിതരണം ചെയ്താല്‍ 1200 ദിനാര്‍ വിതരണം ചെയ്യുന്ന കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്ന് 50 ദിനാര്‍ മുതല്‍ 75 ദിനാര്‍ ചുമത്താനും സംഘം ചേര്‍ന്ന് വിതരണം ചെയ്താല്‍ 300 ദിനാര്‍ പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. മനാമ ക്യാപ്പിറ്റല്‍ ട്രസ്റ്റ് ബോര്‍ഡാണ് ഇത്തരത്തില്‍ കനത്ത പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം നടപ്പില്‍ വന്നതോടെ സൂപ്പര്‍, ഹൈപ്പര്‍, ഇലക്ട്രേണിക്ക് മാര്‍ക്കറ്റുകള്‍, വിവിധ കലാ പരിപാടികള്‍,ലോഞ്ചുകള്‍ തുടങ്ങിയ ഇടങ്ങലില്‍ നോട്ടീസ് വിതരണം ചെയ്യുന്നതും പൊതു സ്ഥലങ്ങളില്‍ ഒട്ടിക്കുന്നതും ഇനി ബുദ്ധിമുട്ടായിരിക്കും.

നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ അവരുടെ പ്രമോഷനുകള്‍ ആളുകളില്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ലീഫ് ലെറ്റുകള്‍ വിതരണം ചെയ്യുന്നത്. ഈ മേഖലയില്‍ മത്സരം ശക്തമായതോടെ എല്ലാ ദിവസവും ലീഫ് ലെറ്റുകള്‍ വിതരണം ചെയ്യുന്ന അവസ്ഥായാണ് ഉണ്ടായിരിക്കുന്നത്. വിതരണം ചെയ്യുന്ന നോട്ടീസുകളുടെ എണ്ണത്തിനുള്ള കമ്മീഷന്‍ വ്യവസ്ഥയിലാണ് ഇപ്പോള്‍ ജോലി നടന്നു വരുന്നത്. ഇതോടെ നോട്ടീസുകള്‍ കെട്ടുകളോടെ ഏറ്റെടുക്കുന്നവര്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും മുന്നില്‍ കെട്ടുകളായി നിക്ഷേപിക്കുന്ന അവസ്ഥയും പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.

ഇതിനുപുറമെ തിരക്കുപിടിച്ച ട്രാഫിക്കിലും പൊതുനിരത്തുകളിലും ലീഫ് ലെറ്റുകളും നോട്ടീസുകളും വിതരണം ചെയ്യുന്നത് ഗതാഗത തടസത്തിനും നിര്‍ത്തിയിട്ട കാറുകളുടെ മുന്നില്‍ നിക്ഷേപിക്കുന്ന നോട്ടീസുകളും ലീഫ്‌ലെറ്റുകളും ഓടകളിലും മറ്റും തങ്ങിനിന്ന് ബ്ലോക്ക് ഉണ്ടാക്കാനും ഇടിയാക്കിയിരിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ നോട്ടീസ് ഒട്ടിച്ചാലും കനത്ത പിഴ നല്‍കേണ്ടി വരും. എന്നാല്‍ ഈ നോട്ടീസുകളും ലീഫ് ലെറ്റുകളും ഫ്‌ളാറ്റുകളില്‍ പത്രമാധ്യങ്ങള്‍ക്കായി സ്ഥാപിച്ചിട്ടുള്ള ബോക്‌സിലോ, കെട്ടിടങ്ങളിലെ സുരക്ഷാ ജീവനക്കാരന്‍ വശമോ, ലെറ്റര്‍ ബോക്‌സിലോ നിക്ഷേപിക്കുന്നതില്‍ തെറ്റില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പത്രങ്ങളോ, മാഗസിനുകളോ ഫ്‌ളാറ്റുകളിലും മറ്റും വിതരണം ചെയ്യുന്നതിന് ഒരു തടസവുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നോട്ടിസുകള്‍ക്കും മറ്റും വന്നിരിക്കുന്ന ഈ നിയന്ത്രണം ഈ മോഖലയില്‍ തൊഴിലെടുക്കുന്ന നിരവധി പേരെ സാരമായി ബാധിക്കും. പ്രിന്റിങ് പ്രസ്സുകള്‍ക്കും ഈ തീരുമാനം കനത്ത തിരിച്ചടിയായിരിക്കും. ആയിരങ്ങള്‍ മുതല്‍ അഞ്ച്‌ലക്ഷത്തിലധികം ഫളെയറുകള്‍ വരെ വിതിരണം ചെയ്യുന്ന ചെറുതും വലുതുമായ നിരവധി ചെറുകിട കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയെല്ലാം വരുമാന ശ്രോതസാണ് ഇതോടെ നിലയ്ക്കാന്‍ പോകുന്നത് എന്നതും പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.