ബഹ്‌റൈനില്‍ നിന്ന് മലയാളി യുവാവ് പണവുമായി മുങ്ങിയതായി പരാതി

Story dated:Thursday July 13th, 2017,01 07:pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ ജോലിചെയ്യുന്നിടത്തു നിന്ന് യുവാവ് പണവുമായി മുങ്ങിയതായി പരാതി. എക്‌സിബിഷന്‍ റോഡിലെ ലോണ്‍ട്രിയില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവാണ് കൗണ്ടര്‍ കളക്ഷന്‍ തുകയുമായി കടന്നു കളഞ്ഞത്.

ഇരുപത്തിനാലും മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ കൗണ്ടര്‍ ജീവനക്കാരനായിരുന്നു യുവാവ്. പകല്‍ ഡ്യൂട്ടിക്ക് ശേഷം കളക്ഷന്‍ മാനേജരെ ഏല്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ സംഭവം നടന്ന ഞായറാഴ്ച ദിവസം വൈകീട്ട് എട്ടു മണിയോടെ രാത്രി ഷിഫ്റ്റുകാരന്‍ എത്തിയപ്പോള്‍ യുവാവ് കടയിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മാനേജരോട് കളക്ഷന്‍ ഏല്‍പ്പിച്ചോ എന്ന് അന്വേഷിച്ചപ്പോഴാണ് പണം ഏല്‍പ്പിക്കാത്ത കാര്യം മനസിലായത്. തുടര്‍ന്ന് യുവാവിനെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ചോഫ് ആയിരുന്നു.

ഇതെതുടര്‍ന്ന് യുവാവിന്റെ താമസ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ അവിടെ നിന്നും പോയതായി മനസിലായി. തുടര്‍ന്ന് എമിഗ്രേഷനില്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ എക്‌സിറ്റായ വിവരം അറിയാന്‍ കഴിഞ്ഞത്.

തട്ടിപ്പ് മനസിലായ സ്ഥാപന ഉടമ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.