ബഹ്‌റൈനില്‍ നിന്ന് പണമയക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കാന്‍ ശുപാര്‍ശ

മനാമ: ബഹ്‌റൈനില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പണം അയക്കുന്നവരില്‍ നിന്ന് നികുതി പിരിക്കാന്‍ എം പി ജമാല്‍ ദാവൂദിന്റെ നിര്‍ദേശം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് വിദേശ രാജ്യങ്ങളിലേക്ക് പണം അയക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്താന്‍ ബജറ്റ് സമ്മേളനത്തില്‍ അദേഹം നിര്‍ദേശം സമര്‍പ്പിച്ചത്.

300 ബഹ്‌റൈന്‍ ദിനാര്‍ വരെ അയക്കുന്നതിന് ഒരു ബഹ്‌റൈന്‍ ദിനാറും 300 ബഹ്‌റൈന്‍ ദിനാറിന് മുകളില്‍ അയക്കുന്നതിന് 10 ബഹ്‌റൈന്‍ ദിനാറും ഈടാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോശം സാമ്പത്തിക അവസ്ഥയും അന്താരാഷ്ട്ര ക്രൂഡോയില്‍ വിലയിലെ ഇടിവും ബഹ്‌റൈന്റെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ചു. ഈ നിയമം നടപ്പിലാക്കുന്നതോടെ കുറഞ്ഞത് 90 മില്യണ്‍ ബഹ്‌റൈന്‍ ദിനാര്‍ ഖജനാവിലെത്തുമെന്നാണ് കരുതുന്നത്.

ഫീസ് ചുമത്തുന്നത് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ ബുദ്ധിമുട്ടേറിയ സന്ദര്‍ഭത്തില്‍ പൗരന്‍മാരും പ്രവാസികളും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ നിലനിര്‍ത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു.

നേരത്തെ ബഹ്‌റൈനില്‍ നിന്നുള്ള ഓരോ പണമിടപാടിന്റെയും അര ശതമാനം മുതല്‍ ഒരു ശതമാനം വരെ ഫീസ് ഈടാക്കാനുള്ള നിര്‍ദേശം വന്നിരുന്നു. എന്നാല്‍ ഈ ബില്‍ ഷൂറ കൗണ്‍സില്‍ തളളിക്കളഞ്ഞു. പുതയ കണക്കു പ്രകാരം ഓരോ വര്‍ഷവും 1.2 ബില്യണ്‍ ബഹ്‌റൈന്‍ ദിനാറാണ് പ്രവാസികള്‍ പുറത്തേക്കയക്കുന്നത്.

Related Articles