ബഹ്‌റൈനില്‍ പ്രവാസികള്‍ക്കിടയില്‍ നൂതന മാര്‍ഗങ്ങളുമായി പ്രവാസികളായ കൊള്ളപ്പലിശക്കാര്‍ വിലസുന്നു

മനാമ: പ്രവാസികളെ ലക്ഷ്യമിട്ട് കൊള്ളപ്പലിശകരായ പ്രവാസികള്‍ രാജ്യത്ത് വിലസുന്നു. പലിശ വിരുദ്ധ സമിതികളുടെയും സാമൂഹിക, മത സംഘടനകളുടെയും നിരന്തര ഇടപെടലുകളെ തുടര്‍ന്ന് ഇത്തരത്തിലുള്ള കൊളളപ്പലിശക്കാരുടെ കെണിയില്‍ പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പല നൂതന മാര്‍ഗങ്ങളിലൂടെയും ഇത്തരം സംഘങ്ങള്‍ സജീവമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

സാധാരണ ജോലികൾ ചെയ്യുന്ന ആളുകളെ വൈകീട്ട്​ പാർട്ട്​ടൈം ജോലിക്കായി നിയമിച്ച്​ പണപ്പിരിവ്​ നടത്തുന്നവരുണ്ട്​. കച്ചവടക്കാർക്കും മറ്റും ദിവസത്തി​​െൻറ അടിസ്​ഥാനത്തിൽ പണം നൽകുന്നവരാണ്​ ഇതിനായി പാർട്ട്​ടൈം ജോലിക്കാരെ നിയമിക്കുന്നത്​. കാലത്ത്​ 100 ദിനാർ നൽകി വൈകീട്ട്​ 110 ദിനാർ വാങ്ങുന്ന രീതിയാണിവർ തുടരുന്നത്​.

 

വ്യാപാര രംഗത്തുളള ചിലരും ഇത്തരത്തില്‍ വലിയ തുക കൊള്ളപ്പലിശക്ക് നല്‍കുന്നതായാണ് വിവരം. ഇവരില്‍ നിന്നാണ് സാധാരണ കച്ചവടക്കാര്‍ പണം കൈപറ്റുന്നത്. ഇത്തരത്തില്‍ പണം കൈപ്പറ്റുന്നവര്‍ പ്രധാനമായും രണ്ട് തരത്തിലാണ് ചൂഷണത്തിനിരയാകുന്നത്.

ലേബര്‍ ക്യാമ്പുകളില്‍ പോലും പത്തോ പതിനഞ്ചോ പേര്‍ ചേര്‍ന്ന് ചെറിയ തുക മുടക്കി പലിശക്ക് കൊടുക്കുന്ന സംഘങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. സഹപ്രവര്‍ത്തകര്‍ തന്നെയാണ് ഇത്തരക്കാരുടെ ഇരകാളാകുന്നത്. ഈ സംഘം പണം നല്‍കുന്നവരുടെ എടിഎം കാര്‍ഡ് വാങ്ങി വെക്കുകയും ശമ്പളം വരുമ്പോള്‍ പലിശയെടുത്ത ശേഷം പിന്നീട് ബാക്കി ശമ്പളം നല്‍കുകയുമാണ് ചെയ്യുന്നത്.

അതെസമയം നാട്ടിലും ബഹ്‌റൈനിലുമായി കൊള്ളസംഘമായി പ്രവര്‍ത്തിക്കുന്ന ബ്ലേഡ് മാഫിയകളും സജീവമാണ്. ഇവര്‍ മുദ്രപത്രത്തിലെ ഒപ്പും നാട്ടിലെയും ഇവിടെയുള്ളതുമായ ബ്ലാങ്ക് ചെക്ക് ഈടായി സ്വീകരിച്ചാണ് പണം നല്‍കുന്നത്. പണം നല്‍കാന്‍ ബുദ്ധിമുട്ട് വരുന്നവരോട് നാട്ടിലെ വസ്തു രജിസ്‌ററര്‍ ചെയ്തുവാങ്ങിക്കുന്നതാണ് ഇവരുടെ രീതി.

ഇത്തരം കഴുത്തറുപ്പന്‍ പലിശ സംഘങ്ങളുടെ കെണിയില്‍ വീഴാതിരിക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.