ബഹ്‌റൈനില്‍ മൊബൈല്‍ ഫോണ്‍ കണക്ഷനെടുക്കാന്‍ ഫിംഗര്‍ പ്രിന്റ് നിര്‍ബന്ധം

മനാമ: മൊബൈല്‍ ഫോണ്‍ കണക്ഷനെടുക്കാന്‍ ഇനിമുതല്‍ ഫിംഗര്‍ പ്രിന്റ് നിര്‍ബന്ധമാക്കി. ടെലഫോണ്‍ റെഗുലേറ്ററി അതോറിറ്റി അധികൃതരാണ് ഇക്കാര്യം നടപ്പിലാക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏറെനാളായുള്ള പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെടുന്നത്.

നിലവില്‍ പാസ്‌പോര്‍ട്ട്, സിആര്‍പി എന്നിവയുടെ പകര്‍പ്പ് മാത്രം നല്‍കിയാല്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കാമായിരുന്നു. ഇക്കാര്യം മൊതലാക്കി പലരും ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് കോപ്പികളും ഫോട്ടോ മാറ്റിയും നഷ്ടപ്പെട്ട സിപിആറുകള്‍ ഉപയോഗിച്ചും നിരവധി വ്യാജ കണക്ഷനുകള്‍ സ്വന്തമാക്കിയിരുന്നു. ഇതെതുടര്‍ന്ന് നിരവധി നിരപരാതികള്‍ പല കേസുകളിലും പെട്ടുകൊണ്ടിരുന്നതും ഇവിടെ പതിവായിരുന്നു. ഇതിന്റെ പേരില്‍ പല പരാതികളും ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മൊബൈല്‍കമ്പനികള്‍ നിരവധി പേര്‍ക്കെതിരെ കേസുകൊടുക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഈ അന്വേഷണത്തില്‍ കമ്പനി എക്‌സിക്യുട്ടീവുകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വ്യാജരേഖ ചമച്ച് ഫോണ്‍ കണക്ഷനുകള്‍ കൈവശപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. അകരാണമായി നിരവധി പ്രവാസികള്‍ ഇത്തരത്തില്‍ പലതരത്തിലുള്ള ശിക്ഷകളും ഏറ്റുവാങ്ങേണ്ടതായും വന്നിരുന്നു.

ഇത്തരത്തിലുള്ള പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതര്‍ പ്രിപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് കണക്ഷനുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഫിംഗര്‍ പ്രിന്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.