ബഹ്‌റൈനില്‍ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍

മനാമ: ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി രംഗത്ത്. കഴിഞ്ഞ ദിവസം ജിപിസെഡിലെ മുന്നൂറോളം വരുന്ന തൊഴിലാളികളാണ് തങ്ങളെ നാട്ടിലേക്ക് മടക്കി അയക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി തെഴില്‍, സാമൂഹിക വികസന മന്ത്രാലയത്തില്‍ എത്തിയത്. ജോലിയില്‍ നിന്ന് രാജിവെച്ച 315 ഓളം തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാനാകാതെ നില്‍ക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. പ്രാദേശക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പലരും വിസയില്ലാതെയാണ് ഇവിടെ തുടരുന്നത്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ജൂണില്‍ ജിപിസെഡ് 175 ബഹ്‌റൈനികള്‍ക്കും 600 പ്രവാസികള്‍ക്കും ശമ്പള കുടിശ്ശിക നല്‍കിയിരുന്നു. ഇതിന് മുമ്പ് പലതവണ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ജി പി സെഡില്‍ നിന്ന് ശമ്പള കുടിശ്ശിക ലഭിക്കാനുള്ള തൊഴിലാളികളെ പിന്തുണച്ച് കഴിഞ്ഞ ആഴ്ച ഓണ്‍ലൈന്‍ പരാതിക്ക് തുടക്കം കുറിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരും അന്താരാഷ്ട്ര ഏജന്‍സികളും ഇടപെടണമെന്ന് പറഞ്ഞിട്ടുണ്ട്. ശമ്പളം പരാമാവധി ആറുമാസത്തിനുള്ളില്‍ തന്നു തീര്‍ക്കണമെന്ന് സെപ്റ്റംബര്‍ 19 ന് അധികൃരുമായി നടത്തിയ സംയുക്ത യോഗത്തില്‍ തൊഴിലാളി പ്രതിനിധികളെ അറിയിച്ചിരുന്നതായും തൊഴിലാളകള്‍ പറയുന്നു. ശമ്പളം ലഭിക്കുന്നതുവരെ എല്ലാ മാസങ്ങളിലും തുടര്‍ യോഗങ്ങള്‍ നടക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അത് നടന്നിട്ടില്ലെന്നും തൊഴിലാളിള്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ കമ്പനി പ്രതിനിധി തള്ളി. ശമ്പള കുടിശ്ശിക ലഭിക്കാന്‍ ആറുമാസം കാത്തിരിക്കണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും യോഗം ഒരിക്കല്‍ മാത്രമാണ് റദ്ദാക്കിയതെന്നും അത് മറ്റൊരു ദിവസത്തേക്കമാറ്റുകയാണ് ഉണ്ടായതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അവസാനത്തെ ഗ്രൂപ്പിലെ 32 പേര്‍ക്ക് നവംബറില്‍ ആനുകൂല്യം നല്‍കിയതായും പറഞ്ഞു. ഇവരെ നാട്ടിലേക്ക് അയക്കുമെന്നും ജിപിഎസുമായി എല്ലാ ബാങ്കുകളും സഹകരിക്കുമെന്നും പുതിയ കരാറുകള്‍ക്കായി ശ്രമം നടത്തിവരികയാണെന്നും അയാള്‍ വ്യക്തമാക്കി.