ബഹ്‌റൈനില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച പിതാവിന് 5 വര്‍ഷം തടവ്;ശിക്ഷ ശരിവെച്ചു

മനാമ: മകനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവിന് അഞ്ച് വര്‍ഷം ശിക്ഷ വിധിച്ചത് സുപ്രീം അപ്പീല്‍ കോടതി ശരിവെച്ചു. ഏഴുവയസ്സുള്ള കുട്ടിയെ പ്രതി ക്രൂരമായി മര്‍ദ്ദിക്കുകയും ഇതെതുടര്‍ന്ന് കുട്ടിയുടെ ശരീരം പൂര്‍ണമായി തളര്‍ന്ന് പോവുകയും ചെയ്തതായി പ്രോസിക്യൂഷന് മുന്നില്‍ കുട്ടിയുടെ അമ്മ പറഞ്ഞു. മുത്തച്ഛന്റെ വീട്ടിലേക്ക് പോകുന്നതിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നും മാതാവ് പറഞ്ഞു.കുട്ടിയെ ഇയാള്‍ ബലമായി കാറില്‍ കയറ്റുകയും ഇവിടെ വെച്ച് മര്‍ദ്ദിക്കുകയും കുട്ടി അബോധവസ്ഥയിലാകുകയുമാരുന്നെന്ന് ഇവര്‍ പറഞ്ഞു.

തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മസ്തിഷ്‌ക്കത്തില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. കുട്ടിക്ക് നിരവധി പരിക്കുകള്‍ സംഭവിച്ചതായുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു.

പ്രതി കുട്ടിയെ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിരവധി തവണ മര്‍ദ്ദിച്ചിരുന്നതായും ഇത് കുട്ടിക്ക് 57 ശതമാനം മാനസിക വൈകല്യത്തിന് ഇടയാക്കിയതായും കോടതി രേഖകളിലുണ്ട്.

എന്നാല്‍ മകനെ കൈകൊണ്ട് മര്‍ദ്ദിച്ചതായി പിതാവ് കുറ്റസമ്മതം നടത്തി. ഇയാള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളുകയും അദേഹത്തിന്റെ ശിക്ഷ ശരിവെക്കുകയും ചെയ്തു.

Related Articles