ബഹ്‌റൈനില്‍ നിര്‍ത്തിയിട്ട കാറില്‍ മധ്യവയസ്‌കന്റെ മൃതദേഹം

മനാമ: നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബിലാദ് അല്‍ ഖദീമില്‍ ഒരു പള്ളിക്ക് സമീപം നിര്‍ത്തിയട്ട കാറിനുള്ളിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളില്‍ ചലനമറ്റ യുവാവിനെ കണ്ട സമീപത്തുള്ള യുവാവാണ് പോലീസില്‍ വിവരമറിയിച്ചത്. ചൊവ്വാഴ്ച രാത്രി മുതലാണ് ഇവിടെ ഈ വാഹനം പാര്‍ക്ക് ചെയ്തതെന്ന് സമീപത്തെ റസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നുണ്ട്.

ഏകദേശം നാല്‍പ്പത് വയസിനോടടുത്ത് പ്രായമുള്ള അറബ് വംശനാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നതെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന സൂചന. സ്‌പോര്‍ട്‌സ് സെഡാന്‍ ഏറെ നേരം പാര്‍ക്കിംഗ് ഏരിയയില്‍ പോകാതെ കിടന്നതാണ് സംശയത്തിന് ഇടയാക്കിയത്. രാത്രി 9.58 ന് പാര്‍ക്ക് ചെയ്ത കാര്‍ രാവിലെയും അവിടെ തന്നെ കിടക്കുകയായിരുന്നു. ഈ സമയത്തും കാറിന്റെ എഞ്ചിന്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതാണ് സംശയത്തിന് ഇടവരുത്തിതെന്നും ഇവര്‍ പറഞ്ഞു. അമിതമായ മരുന്ന് കഴിച്ചതാണ് മരണകാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയിട്ടില്ല.