നാട്ടിലേക്ക് മടങ്ങാനാവാതെ 30 വര്‍ഷം ബഹ്‌റൈനില്‍ കഴിഞ്ഞ രാമയ്യ മരണത്തിന് കീഴടങ്ങി

മനാമ:നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ മുപ്പത് വര്‍ഷത്തിലധികം ബഹ്‌റൈനില്‍ കഴിഞ്ഞ രാമയ്യ(62) മരണത്തിന് കീഴടങ്ങി. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ വെച്ചാണ് മരണം സംഭവിച്ചത്. തമിഴ്‌നാട് സ്വദേശിയായ രാമയ്യയുടെ പാസ്‌പോര്‍ട്ട് ഒള്‍പ്പെടെ ഒരു രേഖയും ഇദേഹത്തിന്റെ കൈവശമില്ലായിരുന്നു.

രാമയ്യയുടെ അടുത്ത സുഹത്ത് താണ്ഡവം ആഴ്ചകള്‍ക്ക് മുമ്പ് മരിച്ചതോടെ ഏറെ മാനസിക പ്രയാസത്തിലായിരുന്നു. താണ്ഡവവും മുപ്പത് വര്‍ഷത്തോളമായി നാട്ടില്‍ തിരിച്ചുപോകാന്‍ കഴിയാതെ ഇവിടെ കഴിഞ്ഞുവരികയായിരുന്നു.

രാമയ്യ 1982 ല്‍ ഒരു അഴുക്കുചാല്‍ നിര്‍മാണ കമ്പനിയില്‍ തൊഴിലാളിയായി എത്തിയതായിരുന്നു. കമ്പനി പൂട്ടിയതോടെയാണ് പ്രതിസന്ധിയിലായത്. രേഖകള്‍ കൈവശമില്ലാത്തതുകൊണ്ട് നാട്ടിലേക്ക് മടങ്ങിപോകാന്‍ കഴിഞ്ഞിരുന്നില്ല.

ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ ഇന്ത്യന്‍ എംബസി ഔട്ട് പാസ് നല്‍കാനുള്ള ശ്രമം നടത്തിവരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്.