ബഹ്‌റൈനില്‍ ടാക്‌സി ഡ്രൈവര്‍ യാത്രക്കാരനായ മലയാളിയുടെ ഫോണും പണവും തട്ടിയെടുത്തു

മനാമ: ടാക്‌സി ഡ്രൈവര്‍ പ്രവാസിയുടെ പേഴ്‌സും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തതായി പരാതി. സല്‍മാബാദിലേക്ക് പോകാനായി മനാമ ബസ്റ്റാന്റിന് സമീപം ബസ് കാത്തു നില്‍ക്കുകയായിരുന്ന വടകര സ്വദേശിയെയാണ് ഭീഷണിപ്പെടുത്തി സാധനങ്ങള്‍ കൈവശപ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ വാഹനം കാത്തു നില്‍ക്കുകയായിരുന്ന യുവാവിന്റെ സമീപമെത്തിയ ഡ്രൈവര്‍ സല്‍മാബാദിലേക്ക് കൊണ്ടുപോകാമെന്ന് പറയുകയും ഇതെ തുടര്‍ന്ന് ഒരു ദിനാറിന് യാത്ര ഉറപ്പിച്ച് ടാക്‌സിയില്‍ പോകാന്‍ തയ്യാറാവുകയുമായിരുന്നു. ഈ സമയം സെഹ്‌ലയില്‍ പോകാനുള്ള മറ്റൊരു യാത്രക്കാരനും കൂടെ ഇതെ വാഹനത്തില്‍ കയറിയിരുന്നു. സെഹിലയിലെ യാത്രക്കാരന്‍ ഇറങ്ങിയ ശേഷം യാത്ര തുടരുകയായിരുന്നു. ഇതിനിടെ വഴിയില്‍ വെച്ച് ഡ്രൈവര്‍ താന്‍ സിഐഡി ആണെന്നും സ.പി.ആര്‍ കാണിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നെന്ന് തട്ടിപ്പിനിരയായ യുവാവ് പറഞ്ഞു. എന്നാല്‍ ടാക്‌സിക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവാവ് പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ അത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം നിര്‍ത്തിയപ്പോള്‍ സീറ്റ് ബെല്‍റ്റ് അഴിച്ചുവെച്ച് കാറില്‍ നിന്ന് ഇറാങ്ങാനൊരുങ്ങിയ തന്നെ ഡ്രൈവര്‍ ബലമായ് കീഴ്‌പെടുത്തി തന്റെ മൊബൈല്‍, പണമടങ്ങിയ പേഴസ് എന്നിവ തട്ടിപ്പറിക്കുകയും തന്നെ പുറത്തേക്ക് തളളിയിട്ട് വാഹന മോടിച്ച് പോവുകയുമായിരുന്നെന്ന് യുവാവ് പരാതിയില്‍ പറഞ്ഞു.

വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്ത് അതുപ്രകാരം യുവാവ് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.