ബഹ്‌റൈനില്‍ മാന്‍പവര്‍ ഏജന്‍സി മുറിയില്‍ പൂട്ടിയിട്ട മലയാളി യുവതിയെ പോലീസ് രക്ഷപ്പെടുത്തി

മനാമ: മാന്‍പവര്‍ ഏജന്‍സിക്കാര്‍ മുറിയില്‍ പൂട്ടിയിട്ട മലയാളി യുവതിയെ പോലീസ് രക്ഷപ്പെടുത്തി. 22 കാരിയായ യുവതിക്കാണ് നാലു ദിവസത്തോളം ഭക്ഷണം പോലും ലഭിക്കാതെ ക്രൂരത അനുഭവിക്കേണ്ടിവന്നത്. കോട്ടയം സ്വദേശിനിയായ യുവതി മൂന്ന് മാസം മുന്‍പാണ് നാട്ടുകാരിയായ സ്ത്രീയുടെ സഹയാത്തോടെ മംഗലാപും സ്വദേശി നല്‍കിയ ഹോം നഴ്‌സ് വിസയില്‍ ബഹ്‌റൈനില്‍ എത്തിയത്.

പുറപ്പെടുന്നതിന് മുമ്പായി യുവതി ബഹ്‌റൈനിലുള്ള തന്റെ അമ്മയുടെ സഹോദരിയുടെ മകനെ വരുന്ന വിവരം അറിയിച്ചിരുന്നു. എന്നാല്‍ ബഹ്‌റൈനിലെത്തിയ യുവതിയെ സഹോദരനെ കാണിക്കാതെ വിസാ ഏജന്റ് കൂട്ടികൊണ്ടുപോയി. ഏജന്റ് യുവതിയെ പിന്നീട് മാന്‍പവര്‍ ഏജന്‍സിക്ക് നല്‍കി പണം കൈപറ്റി. ഇവിടെ വെച്ച് യുവതിയെ കൊണ്ട് നിര്‍ബന്ധിച്ച് പല പേപ്പറുകളിലും ഒപ്പിട്ട ശേഷം വീട്ടു ജോലിക്ക് അയക്കുകയായിരുന്നു. വീട്ടുജോലിക്ക് നിന്നിടത്ത് വെച്ച് ക്രൂരമായ ഉപദ്രവത്തിന് ഇരയായ യുവതി തനിക്ക് നാട്ടിലേക്ക് പോവണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു.

ഇതെതുടര്‍ന്ന് ഏജന്‍സി യുവതിയെ തിരിച്ച് അവരുടെ അടുത്ത് കൊണ്ടുവരികയും 14,00 ദിനാര്‍ നല്‍കിയാല്‍ നാട്ടിലേക്ക് തിരിച്ചയക്കാമെന്ന് പറയുകയുമായിരുന്നു. യുവതിയുടെ സിം കാര്‍ഡും പാസ്‌പോര്‍ട്ടും ഇവര്‍ പിടിച്ചുവെക്കുകയും ചെയ്തു.

ഇതിനിടെ സഹോദരിയെ കാണണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെത്തിയ സഹോദരന് ഏറെ നേരത്തെ സംസാരത്തിനൊടുവില്‍ കാണിച്ചു കൊടുത്തു. ഇയാള്‍ മറ്റുള്ളവരറിയാതെ സഹോദരിക്ക് ഒരു സിം കാര്‍ഡ് നല്‍കി. ഭക്ഷണം പോലും കഴിച്ചിട്ട് നാലു ദിവസത്തോളമായെന്നും യുവതി സഹോദരനോട് പറഞ്ഞിരുന്നു.

സിം കിട്ടിയ യുവതി അതിലൂടെ പോലീസിനെ വിളിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് യുവതിയെ അവിടെ നിന്ന് കൂട്ടികൊണ്ടുപോയി. പോലീസ് സ്‌പോണ്‍സറെ വിളിച്ച് വരുത്തി കാര്യങ്ങള്‍ പറയുകയായിരുന്നു. എന്നാല്‍ പണം കിട്ടിയാലെ പാസ്‌പോര്‍ട്ട് നല്‍കു എന്ന് സ്‌പോണ്‍സര്‍ പറയുകയായിരുന്നത്രെ. ഇതോടെ സംഭവത്തില്‍ ഇടപ്പെട്ട സാമൂഹിക പ്രവര്‍ത്തകര്‍ കേസുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു. എന്നാല്‍ സ്ത്രീയുടെ അവസ്ഥ കണ്ട പോലീസ് സ്‌പോണ്‍സറില്‍ നിന്നും പാസ്‌പോര്‍ട്ട് വാങ്ങി നല്‍കി. നാട്ടില്‍ നിന്ന് ബന്ധുക്കള്‍ അയച്ചുകൊടുത്ത ടിക്കറ്റില്‍ യുവതി കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.