ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് ദുബായില്‍ കുടുങ്ങി

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി. മലപ്പുറം വെളിയങ്കോട് സ്വദേശി യൂസഫ് ആണ് ദുബായ് എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായിരിക്കുന്നത്. ഏപ്രില്‍ 18 ചൊവ്വാഴ്ചയാണ് യൂസഫ് നാട്ടിലേക്ക് പുറപ്പെട്ടത്. ദുബായ് വിമാനത്താവളത്തില്‍ നിന്ന് അടുത്ത വിമാനത്തില്‍ മാറികയറാനായി എമിഗ്രേഷന്‍ പരിശേധനയ്ക്ക് എത്തിയപ്പോഴാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വിവരം യൂസഫ് അറിയുന്നത്. ഇതെ തുടര്‍ന്ന് യാത്രയ്ക്കുള്ള അനുമതി നിഷേധിക്കപ്പെടുകയായിരുന്നു എന്നാണ് വീട്ടുകാരെ അറിയിച്ചിരിക്കുന്നത്.

ദുബായ് വിമാനത്താവള അധികൃതരും ഫ്‌ളൈ ഡിപിഐ അധികൃതരും വിമാനത്താവളത്തിലാകെ തെരച്ചില്‍ നടത്തിയെങ്കിലും പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല. യൂസഫിനെ വിമാനത്താവള അധികൃതര്‍ പിടിച്ചുവെച്ചിരിക്കുന്ന വിവരമറിഞ്ഞ് വീട്ടുകാരും സുഹൃത്തുക്കളും തൊഴിലുടമയുമായും ഇന്ത്യന്‍ എംബസി അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ട്. സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതായാണ് വിവരം.

അതെസമയം അടുത്ത പ്രവര്‍ത്തി ദിവസം തന്നെ യൂസഫിന്റെ ഔട്ട് പാസ് ശരിയാക്കി യു എ യിലേക്ക് കൊടുത്തയക്കാനാണ് തീരുമാനം.