ബഹ്‌റൈനില്‍ വീണ്ടും ലോട്ടറി അടിച്ചെന്ന വ്യാജ സന്ദേശം

മനാമ:രാജ്യത്ത് വീണ്ടും വ്യാജ ലോട്ടറി സന്ദേശം പരക്കുന്നതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. വിവ കമ്പനിയുടെ ലോഗോ അടക്കമുള്ള സന്ദേശങ്ങളാണ് പലര്‍ക്കും ലഭിച്ചിരിക്കുന്നത്. 20000ദിനാര്‍ ലോട്ടറി അടിച്ചെന്നും വിശദ വിവരങ്ങള്‍ ലഭിക്കാനായി അതെ വാട് ആപ് നമ്പറില്‍ തിരിച്ചു വിളിക്കാനുമാണ് സന്ദേശത്തില്‍ പറയുന്നത്.

ഇത്തരത്തിലുള്ള മെസേജുകള്‍ കഴിഞ്ഞദിവസം മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ലഭിച്ചത്. ഈ നമ്പറില്‍ തിരിച്ചു വിളിച്ചവരോട് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കാനാണ് മറുപടി ലഭിച്ചത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ വ്യാജ മെസേജുകള്‍ പ്രചരിച്ചിരുന്നതിനാല്‍ പലരും ഈ മെസേജിനോട് പ്രതികരിച്ചിരുന്നില്ല.

അതെസമയം തങ്ങളുടെ പേരില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന ഇത്തരം വ്യാജമെസേജുകളെ പറ്റി തങ്ങള്‍ക്ക് യാതൊരു അറിവും ഇല്ലെന്ന് നേരത്തെ തന്നെ വിവ കമ്പനി വക്താക്കള്‍ വ്യക്തമാക്കിയിരുന്നു. ഏതായാലും ഇത്തരം ചതിക്കുഴിയില്‍ വീഴരുതെന്ന് വീണ്ടും കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.