ബഹ്‌റൈനില്‍ പ്രവാസി യുവതി പ്രസവിച്ച് 2 ആഴ്ചയ്ക്ക് ശേഷം എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മരിച്ചു

മനാമ: പ്രസിവിച്ച് രണ്ടാഴ്ച കഴിഞ്ഞ് യുവതി എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മരിച്ചു. കര്‍ണാടക സ്വദേശിയായ രൂപ മനോഹര്‍(33) ആണ് മരിച്ചത്. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ ആദ്യമാണ് ബഹ്‌റൈനില്‍ മരണപ്പെടുന്നത്.

രണ്ടാഴ്ച മുമ്പാണ് ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് ഇവരെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പ്രസവ ദിവസത്തേക്കാള്‍ മുന്‍പേ സിസേറിയനിലൂടെ ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച യുവതിക്ക് പനി ബാധിക്കുകയും സല്‍മാനിയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 9 ന് രാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഇവരുടെ കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നു. മറ്റ് രണ്ട് കുട്ടികള്‍ കൂടിയുണ്ട്.

സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.