ബഹ്‌റൈനില്‍ പ്രവാസി യുവതിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച 4 യുവാക്കള്‍ അറസ്റ്റില്‍

മനാമ: പ്രവാസിയായ യുവതിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച പരാതിയില്‍ നാലു യുവാക്കള്‍ അറസ്റ്റിലായി. ഏഷ്യക്കാരിയായ ഇരുപത്തിയേഴുകാരിയുടെ പരാതിയിലാണ് നടപടി. സംഭവത്തില്‍ നാല് ബംഗ്ലാദേശ് യുവാക്കള്‍ അറസ്റ്റിലായി.

ഒമ്പതു മാസത്തോളമായി ഇവിടെ വീട്ടുജോലി ചെയ്തുവരികയായിരുന്നു യുവതി. എന്നാല്‍ ഇവരുടെ ജോലിയില്‍ തൊഴിലുടമ തൃപ്തനല്ലാത്തത് കാരണം സ്വദേശത്തേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിച്ച യുവതിയോട് സ്‌പോണ്‍സര്‍ വന്‍ തുകയാണ് ആവശ്യപ്പെട്ടത്. ഈ സമയം ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് മറ്റൊരാള്‍ യുവതിയെ സമീപിക്കുകയും തൊഴില്‍ നല്‍കുകയും ചെയ്തു.

യുവതിക്ക് തൊഴില്‍ നല്‍കിയ ഇയാള്‍ പിന്നീട് മറ്റ് മൂന്നുപേരുമായി ചേര്‍ന്ന് യുവതിയെ മുഹറഖിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോവുകയും അവിടെ പൂട്ടിയിടുകയുമായിരുന്നു. ഇവിടെ വെച്ച് അപരിചിതരുമായി ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. ഓരോ തവണയും 12 ബഹ്‌റൈന്‍ ദിനാര്‍വീതമാണ് യുവതിക്ക് നല്‍കിയിരുന്നത്. നാലുമാസത്തോളം ഈ അപ്പാര്‍ട്ടുമെന്റില്‍ തടവില്‍ കഴിയേണ്ടിവന്ന യുവതി പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് യുവതി അധികൃതര്‍ക്ക് പരാതിനല്‍കിയത്.