ബഹ്‌റൈനില്‍ വിദേശ യുവതി കെട്ടിടത്തില്‍ നിന്നു വീണു ഗുരുതരാവസ്ഥയില്‍

മനാമ: വിദേശ യുവതി കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരാവസ്ഥയില്‍. ഇത്യോപിന്‍ പൗരത്വമുള്ള മെറീമ മുഹമ്മദ്(26)നാണ് ഗുരുതരമായി പരിക്കേറ്റത്. പരുക്കേറ്റ ഇവരെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ യുവതി സ്വന്തം രാജ്യത്തേക്ക് പോകാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചൊവ്വാഴ്ച സിത്രി പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു.

വെന്റിലേറ്ററില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലയ്ക്കും വയറിനുമാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഷെയ്ഖ് ഇസാ അവന്യൂവില്‍ ആന്റലൂസ് ഗാര്‍ഡന് എതിര്‍ഭാഗത്ത് അല്‍ ദാന ബില്‍ഡിങ്ങിന്റെ രണ്ടാം നിലയില്‍ നിന്നാണ് ഇവര്‍ വീണത്.

പോലീസ് സ്‌റ്റേഷനില്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ഇവരെ ഉടനെ നാട്ടിലേക്ക് അയക്കാമെന്ന ഉറപ്പില്‍ കൊണ്ടുവന്ന ഏജന്‍സിയുടെ പ്രതിനിധി തിരികെ കൊണ്ടുപോവുകയായിരുന്നു. സംഭവം ആത്മഹത്യാ ശ്രമമാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് ഇത്യോപ്യന്‍ എംബസി ഓണററി കോണ്‍സല്‍ പറഞ്ഞു. അവര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയ വിവരം ലഭിച്ചിരുന്നതായും കോണ്‍സല്‍ വ്യക്തമാക്കിയിട്ടുണ്ട്.