ബഹ്‌റൈനില്‍ നിലംപതിക്കാറായ കെട്ടിടം ലേബര്‍ ക്യാമ്പായി ഉപയോഗിക്കുന്നതായി പരാതി

മനാമ: എതു നിമിഷവും തകര്‍ന്നു വീഴേക്കാവുന്നതിനെ തുടര്‍ന്ന് അധികൃര്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട കെട്ടിടം ലേബര്‍ ക്യാമ്പായി ഉപയോഗിക്കുന്നതായി പരാതി. മനാമയിലെ 411 ാം നമ്പര്‍ റോഡിലെ ബ്ലോക്ക് നമ്പര്‍ 304 ലെ കെട്ടിടത്തിലാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പാവപ്പെട്ട തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്.

കെട്ടിടത്തിന്റെ ശോചനീയമായ അവസ്ഥയെ തുടര്‍ന്ന് കെട്ടിടം പൊളിക്കാന്‍ മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിടുകയും വൈദ്യുതി, ജല അതോറിറ്റി അധികൃതര്‍ കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ ഉടമസ്ഥന്‍ അനധികൃതമായി ഇവിടേക്ക് വൈദ്യുതി കണക്ഷനെടുത്ത് 80 ലധികം തൊഴിലാളികളെ ഇവിടെ വാടകയ്ക്ക് പാര്‍പ്പിച്ചിരിക്കുകയാണ്.

രണ്ട് മാസം മുമ്പ് ഈ കെട്ടിടത്തിന്റെ മേല്‍കൂര തകര്‍ന്ന് ഇവിടുത്തെ തൊഴിലാളികളുടെ മേല്‍ വീണതായും താമസക്കാരന്‍ പറഞ്ഞു. ഇതിനിടയിലാണ് കെട്ടിടത്തിന് മുകളില്‍ മുറികള്‍ പണിത് കെട്ടിടം ഉടമസ്ഥന്‍ തൊഴിലാളികള്‍ക്ക് കൊടുക്കുന്നത് തുടരുന്നത്. 100 മുതല്‍ 150 ദിനാര്‍ വരെ വാടക നല്‍കിയാണ് തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നത്.