ബഹ്‌റൈനില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു;22 കാരന്‍ അറസ്റ്റില്‍

മനാമ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുദൈയ്യയിലെ വീട്ടിനു മുന്നില്‍ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന എട്ടു വയസ്സുള്ള പെണ്‍കുട്ടിയെയാണ് 22 വയസ്സുകാരന്‍ തട്ടിക്കൊണ്ടുപോയത്. സംഭവം നടന്ന ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് പോലീസില്‍ വിവരമറിയിച്ചു. ഉടന്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

എന്നാല്‍ ഈ സമയം പ്രതി സുഹൃത്തിന്റെ സഹായത്തോടെ കുട്ടിയെ രക്ഷിതാക്കളുടെ അടുത്ത് തിരിച്ചേല്‍പ്പിച്ചു. ഒരു ചുവന്ന വാഹനത്തില്‍ ഒരാള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ചുവന്ന വാഹനങ്ങള്‍ തിരഞ്ഞ്പിടിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതോടെ വാഹനം വാടകയ്‌ക്കെടുത്ത് ഓടിച്ചതാണെന്ന് കണ്ടെത്തി. ഇവിടെ നിന്ന് അഡ്രസ്സും ഫോണ്‍ നമ്പറും ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിക്ക് ഇടത് കൈയിലും വലത് തുടയിലും നഖക്ഷതം ഏറ്റിട്ടുണ്ട്. പിടിയിലായ പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് തട്ടിക്കൊണ്ടുപോയതായി സമ്മതിക്കുകയായിരുന്നു. ഈസമയം താന്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും പ്രതി പറഞ്ഞു. വസ്ത്രത്തില്‍ തന്റെ വിരലടയാളം പതിഞ്ഞതിനാല്‍ വസ്ത്രം മാറ്റാന്‍ പെണ്‍കുട്ടിയോട് പറഞ്ഞതായും പ്രതി പറഞ്ഞു.