കനത്ത ചൂട്;ബഹ്‌റൈനില്‍ ദാഹജല വിതരണ തൊഴിലാളികള്‍ ദുരിതത്തില്‍

മനാമ: രാജ്യത്ത് കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദാഹജലം വിതരണം ചെയ്യുന്ന തൊഴിലാളികള്‍ ദുരിതത്തില്‍. കനത്ത ചൂടിനെ വകവെക്കാതെ തൊഴിലെടുക്കേണ്ടി വരുന്ന ഈ വിഭാഗത്തിന് യാതൊരു വിശ്രമവും ലഭിക്കുന്നില്ല. നിലവില്‍ പുറം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉച്ച സമയത്ത് വിശ്രമം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ദാഹജലം വിതരണം നടത്തുന്ന ഇവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല. ചെറുതും വലുതുമായ ജല വിതരണ കമ്പനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ വീടുകളിലും ഓഫീസുകളിലുമെല്ലാം വിയര്‍ത്തൊലിച്ചാണ് കുടിവെള്ളമെത്തിക്കുന്നത്.

അതിരാവിലെ മുതല്‍ തൊഴിലാരംഭിക്കുന്ന ഇവര്‍ ഏറെ വൈകിയായിരിക്കും താമസ സ്ഥലത്തെത്തുന്നത്. വേണ്ട ഭക്ഷണമോ, വിശ്രമോ ലഭിക്കാതെ ഏറെ ദുരിതത്തിലാണ് ഇവര്‍ കഴിഞ്ഞു പോരുന്നത്. നാലും അഞ്ചും നിലകളിലേക്ക് വെള്ളം കയറ്റിക്കൊണ്ടുപോകുന്ന ഇവരും മറ്റ് തൊഴിലാളികളെ പോലെ തന്നെ തളരുന്നവര്‍ തന്നെയാണ്. വാഹനങ്ങള്‍ സമീപത്ത് നിര്‍ത്തിയിടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ വളരെ അകലെ നിന്നു തന്നെ ഇവര്‍ വെള്ളം ചുമന്ന് കൊണ്ടുവരേണ്ട അവസ്ഥയും ഉണ്ടാവാറുണ്ട്. തങ്ങളുടെ കഷ്ടപ്പാടുകള്‍ ആര്‍ക്കുമുന്നില്‍ അവതരിപ്പിക്കണമെന്ന് ഇവര്‍ക്ക് അറിയില്ല. ജീവതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ പാവങ്ങള്‍.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വെള്ളം വിതരണം ചെയ്തിരുന്ന മലയാളി യുവാവിന് സൂര്യാഘാത മേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു.