ബഹ്‌റൈനിലെ സ്വര്‍ണം സൗദിയിലും ഖത്തറിലും വില്‍ക്കാന്‍ പറ്റില്ല

മനാമ: ബഹ്‌റൈനിലെ സ്വര്‍ണാഭരണങ്ങള്‍ സൗദിയിലും ഖത്തറിലും വില്‍പ്പന നടത്താന്‍ പറ്റുന്നില്ലെന്ന് റിപ്പോര്‍ട്ട്. ബഹ്‌റൈന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന തടസപ്പെട്ടതോടെ കടുത്തപ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

അതെസമയം ഖത്തറില്‍ നിന്നും സൗദിയില്‍ നിന്നും സ്വര്‍ണാഭരങ്ങള്‍ ബഹ്‌റൈനിലേക്ക് യാതൊരു തടസവുമില്ലാതെ വില്‍പ്പനയ്ക്ക് എത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാത്ത രാജ്യങ്ങളുടെ ആഭരണങ്ങള്‍ ഇവിടെയും വില്‍ക്കാന്‍ അനുവദിക്കേണ്ടെന്നാണ് ബഹ്‌റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജി സി സി ഗോള്‍ഡ് ആന്റ് ജ്വല്ലറി അസോസിയേഷന്‍ പറയുന്നത്. ഒമാനും യു.എ.ഇയും കുവൈത്തും ഇപ്പോഴും ബഹ്റൈൻ ആഭരണങ്ങൾ സ്വീകരിക്കുന്നുണ്ട്. സൗദിയും ഖത്തറും ഇൗ വഴി സ്വീകരിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.

ബഹ്റൈനിൽ സ്വർണ ഫാക്ടറികൾ ഇല്ലെന്ന പേരിലാണ് ഇവിടുത്തെ ആഭരണങ്ങൾ സൗദിയും ഖത്തറും വിൽക്കാതിരിക്കുന്നത്. തങ്ങളുടെ പണിശാലകൾ അവരുടെ നിർവചനത്തിലുള്ള ഫാക്ടറികൾക്ക് തുല്ല്യമാണെന്ന് അസോസിയേഷൻ ചെയർമാൻ സാജിദ് ശൈഖ് പ്രാദേശിക പത്രത്തോട്  പറഞ്ഞു.