ബഹ്‌റൈനില്‍ പതിവായി ഗ്യാസ് സിലിണ്ടര്‍ മോഷ്ടിക്കുന്ന കമിതാക്കള്‍ അറസ്റ്റില്‍

മനാമ: പതിവായി ഗ്യാസ സിലിണ്ടര്‍ മോഷ്ടിക്കുന്ന യുവാവും യുവതിയും അറസ്റ്റിലായി. ബഹ്‌റൈന്‍ സതേണ്‍ ഗവര്‍ണറേറ്റില്‍ നിന്ന് 74 ഓളം ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ച കേസുകളിലാണ് കമിതാക്കളായ ഇവരെ പോലീസ് അറസ്റ്റു ചെയ്തത്. ഹമദ് ടൗണ്‍ ഭാഗത്തുനിന്ന് നിരവധി പരാതികളാണ് സമാനമായ രീതിയില്‍ ലഭിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ഒരു സ്ത്രീ കാറില്‍ സിലിണ്ടര്‍ എടുത്തുപോകുന്നതായി ഒരാള്‍ പോലീസില്‍ വിവരം നല്‍കിയത്.

ഇതെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 35 വയസ്സുള്ള യുവതിയും 25 വയസ്സുള്ള യുവാവും അറസ്‌ററിലായത്. തന്റെ കാമുകന് പണത്തിന് ആവശ്യമുള്ളതിനാലാണ് മോഷണം നടത്തിയതെന്ന് പോലീസിനോട് യുവതി വ്യക്തമാക്കി.

ഇവര്‍ മോഷ്ടിച്ച സിലിണ്ടറുകള്‍എല്ലാം തന്നെ ഏഷ്യന്‍ സ്വദേശി നടത്തുന്ന ഫര്‍ണിച്ചര്‍ കടയിലാണ് വിറ്റിരുന്നത്. സിലിണ്ടര്‍ ഒന്നിന് 23 ദിനാര്‍ വരെയാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. ഫണിച്ചര്‍ ഉടമ ഇത് വന്‍ലാഭത്തിന് മറിച്ചുവില്‍ക്കുകയായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. യുവതിക്ക് ഇതില്‍ നിന്ന് മൂന്ന് ദിനാര്‍ മാത്രമാണ് കിട്ടിയിരുന്നത്.

കേസ് പബ്ലിക് പ്രോസിക്യൂഷനും തുടര്‍ന്ന് ഹൈക്രിമിനല്‍ കോടതിയിലേക്കും മാറ്റിയിരിക്കുകയാണ്.യുവതിയാണ് മോഷണത്തിന് പറ്റിയ സ്ഥലങ്ങള്‍ തേടിപ്പിടിച്ച് കണ്ടെത്തിയിരുന്നത്. ഇവിടെ എത്തി യുവാവാണ് പൂട്ട് പൊളിച്ച് യുവതിയെ അകത്തേക്ക് കടത്തിവിട്ടിരുന്നത്.