ബഹ്‌റൈനില്‍ നിയമവിരുദ്ധ തൊഴിലാളികള്‍ വര്‍ധിക്കാന്‍ കാരണം ഫ്രീ വീസ; വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി

മനാമ: രാജ്യത്ത് നിയമ വിരുദ്ധ തൊഴിലാളികള്‍ വര്‍ദ്ധിക്കാന്‍ കാരണം ‘ഫ്രീ വീസ’ യാണെന്ന് അധികൃതര്‍. ശരിയായ നിരീക്ഷണ സംവിധാനത്തിന്റെ അഭാവമാണ് ഇതിന് കാരണമായിരിക്കുന്നതെന്ന് പാര്‍ലമെന്ററി സമിതി കണ്ടെത്തി. എംപിമാരുടെ പ്രത്യേക സമിതിയാണ് ഇക്കാര്യം അന്വേഷണം നടത്താനായി പാര്‍ലമെന്റ് നിയോഗിച്ചിരിക്കുന്നത്.

ഈ സമിതി തയ്യാറാക്കിയ 122 പേജുളള റിപ്പോര്‍ട്ട് ചൊവ്വാഴ്ച നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ നിരീക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്റി അതോറിറ്റി(എല്‍ എം ആര്‍ എ)യിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. ബഹ്‌റൈനി സ്‌പോണ്‍സര്‍മാരില്‍ നിന്നാണ് നിയമ വിരുദ്ധ തൊഴിലാളികള്‍ ഇത്തരത്തിലുള്ള വീസ പണം കൊടുത്തു വാങ്ങുന്നത്.

ഇത്തരത്തില്‍ ലഭിക്കുന്ന വിസ ഉപയോഗിച്ചാണ് രേഖകളില്ലാതെ തൊഴിലാളികള്‍ ഇവിടെ നിയമ വിരുദ്ധമായി മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുന്നത്. ജൂലൈയില്‍ രാജ്യത്ത് നടപ്പിലാക്കിയ ഫ്‌ളക്‌സിബിള്‍ വര്‍ക് പെര്‍മിറ്റിലൂടെ നിയമവിരുദ്ധ തൊഴിലാളികളെ നിയമ വിധേയമാക്കുന്ന നടപടികള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. കരിഞ്ചന്തയില്‍ നിന്നും വിസ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഫ്‌ളക്‌സി പെര്‍മിറ്റ് സ്വന്തമാക്കാന്‍ തൊഴിലാളികള്‍ക്കു കഴിയുന്നതിലൂടെ സ്വയം സ്‌പോണ്‍സര്‍ ആയി നിയമ വിധേയമായി ജോലി ചെയ്യാനുള്ള സാഹചര്യമാണു തൊഴിലാളികള്‍ക്കു ലഭിക്കുന്നത്.