ബഹ്‌റൈനില്‍ ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് ആരംഭിച്ചു

മനാമ: ബഹ്‌റൈനില്‍ ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് ആരംഭിച്ചു. എല്‍.എം ആര്‍.എ സി.ഇ.ഒ ഓസ്മാ അല്‍ അബ്‌സി കഴിഞ്ഞ ദിവസം ഇക്കാര്യം സംബന്ധിച്ചുളള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവിട്ടിരുന്നു.

നിലവില്‍ രാജ്യത്ത് തൊഴിലുടമകള്‍ ഇല്ലാതെ സ്വന്തം നിലയ്ക്ക് ഫുള്‍ടൈം, പാര്‍ട്ട് ടൈം ജോലി ചെയ്യാമെന്നതാണ് ഫ്‌ളക്‌സിബിള്‍ പെര്‍മിറ്റിന്റെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്. അതുകൊണ്ടുതന്നെ ഒന്നിലധികം തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലി ചെയ്യാനും പുതുക്കാനും കഴിയും. മാത്രവുമല്ല കാലാവധി തീരുന്നതിനു മുന്‍പ് നാട്ടില്‍ പോയി തിരിച്ചുവരുന്നതിനും യാതൊരു നിയമപ്രശ്‌നവുമില്ല. നിയമ വിരുദ്ധമായി രാജ്യത്ത് തുടരുന്നവര്‍ ഈ നിയമം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എല്‍ എം ആര്‍ എ അധികൃതര്‍ ആവശ്യപ്പെട്ടു.

രണ്ട് വര്‍ഷത്തെ പെര്‍മിറ്റിന് 449 ദിനാറാണ് നല്‍കേണ്ടത്. ഇതില്‍ ഹെല്‍ത്ത് ഫീയും ഉള്‍പ്പെടുന്നു. ഓരോ മാസത്തിലും 2000 പേര്‍ക്ക് ഫ്‌ളക്‌സിബിള്‍ പെര്‍മിറ്റ് നല്‍കാനാണ് തീരുമാനം.