ബഹ്‌റൈനില്‍ ഗതാഗത നിയമലംഘനം നടത്തിയ മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് പിന്‍വലിച്ചു

മനാമ: രാജ്യത്ത് ഗതാഗത നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് പിന്‍വലിച്ചു. രാജ്യത്തു നടപ്പിലാക്കിയ പോയിന്റ് രീതിയിലുള്ള ഗതാഗത നിയമങ്ങളുടെ ഭാഗമായാണ് നിയമം തെറ്റിച്ച മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് പിന്‍വലിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചരിക്കുന്നത്.
തുടര്‍ച്ചയായി ഗതാഗത നിയമ ലംഘനം നടത്തി 20 പോയിന്റുകള്‍ ലഭിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് ഇത്തരത്തില്‍ പിന്‍വലിക്കുന്നതെന്ന് ട്രാഫിക് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അറിയിച്ചു.

ഗതാഗതമന്ത്രാലയം നടത്തുന്ന ബോധവല്‍ക്കരണ പരിശീലന ക്ലാസില്‍ സംബന്ധിക്കുകയും അതോടനുബന്ധിച്ചു നടത്തുന്ന ടെസ്റ്റില്‍ പാസാവുകയും ചെയ്താല്‍ മാത്രമേ പിന്‍വലിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുനഃസ്ഥാപിച്ച് കിട്ടുകയൊള്ളു.

2104 ലാണ് രാജ്യത്തെ ഗതാഗത നിയമം പരിഷ്‌കരിച്ച് കൊണ്ട് പോയിന്റ് സിസ്‌ററം നടപ്പിലാക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. 2015 മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു. ഗതാഗത നിയമം ലംഘകര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിലെല്ലാം നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി ക്യാമറകളും മറ്റും സ്ഥാപിക്കുകയും ചെയ്തു.

ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് കുറഞ്ഞത് 2 പോയിന്റും പരമാവധി 10 പോയിന്റുമായിരിക്കും ഒരു തവണ ലഭിക്കുന്നത്. ഒരു വര്‍ഷത്തില്‍ 20 പോയിന്റ് എത്തിയാല്‍ പിഴ ചുമത്തുകയും മൂന്നു മാസത്തേക്ക് ലൈസന്‍സ് തടഞ്ഞുവെക്കുകയും ചെയ്യും.