ബഹ്‌റൈനില്‍ പെട്രോളിന് പകരം ഡീസലൊഴിച്ച ജീവനക്കാരനെതിരെ പരാതി

മനാമ: വാഹനങ്ങളില്‍ പെട്രോളിന് പകരം ഡീസലൊഴിച്ച ജീവനക്കാരനെതിരെ പരക്കെ പരാതി. ബഹ്‌റൈന്‍ പെട്രോളിയം കമ്പനിയായ ബാപ്‌കോയിലെ ഹിദ് കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് അസോസിയേഷന്‍ നടത്തുന്ന ഇന്ധന സ്‌റ്റേഷനിലെ ജീവനക്കാരനാണ് അബദ്ധം പിണഞ്ഞത്. ഇയാള്‍ക്ക് ജോലിയില്‍ പരിചയം കുറവായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ ഇന്ധനം നിറച്ച അഞ്ച് വാഹനങ്ങള്‍ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. മൂന്ന് ഡ്രൈവര്‍മാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജീവനക്കാരന് തെറ്റ് സംഭവിച്ചതിന്റെ തെളിവ് ഇന്ധന സ്റ്റേഷനിലെ നിരീക്ഷണ ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

ഡീസലും ജയ്ദ് ഇന്ധനവും തമ്മില്‍ കൂടിക്കലര്‍ന്നതിനെ തുടര്‍ന്ന് ജയ്ദ് ഇന്ധനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് ഇവിടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ബാപ്‌കോ ജയ്ദ് ഇന്ധനത്തിനായുള്ള ടാങ്ക് ശുദ്ധീകരിച്ച് അതില്‍ ഡീസലിന്റെ അംശം ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനായുള്ള ലാബ് ടെസ്റ്റുകള്‍ നടത്തിവരികയാണ്. ജയ്ജ് ഇന്ധനം സ്റ്റേഷനില്‍ ഉടന്‍ ലഖഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുംതാസ്, ഡീസല്‍ പമ്പുകളെ ഈ പ്രശ്‌നം ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രിയോടെയാണ് ഇത് സംഭവിച്ചത്. ബാപ്‌കോയിലെ മിശ്രിതമായ ഇന്ധനത്തിനാല്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. 3668483,39468629 എന്നീ നമ്പറുകളില്‍ ബാപ്‌കോ അധികൃതരുമായി നേരട്ട് ബന്ധപ്പെടാം.