ബഹ്‌റൈനില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പോക്കറ്റടി വ്യാപകമാകുന്നു;മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പണം നഷ്ടമായി

മനാമ: സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ എത്തുന്നവരുടെ പണം പലതരത്തില്‍ മോഷ്ടിക്കപ്പെടുന്നതായുള്ള പരാതികള്‍ വര്‍ധിക്കുന്നു. മാര്‍ക്കറ്റില്‍ നിന്നും സാധാനങ്ങള്‍ വാങ്ങാനായി പോകുന്ന നിരവധി പേരുടെ പേഴ്‌സാണ് പോക്കറ്റടിക്കപ്പെട്ടിരക്കുന്നത്. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വെച്ച് വാഹനം വാഗ്ദാനം ചെയ്ത് അടുത്തുകൂടിയ അജ്ഞാതന്‍ ആഴ്ചകള്‍ക്ക് മുമ്പ് മലയാളിയെ കവര്‍ച്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിറകെ കഴിഞ്ഞ ദിവസവും മറ്റൊരു മലയാളി തട്ടിപ്പിനിരയായിരുന്നു.

സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പുറത്തേക്ക് വരികയായിരുന്ന മലയാളിയുടെ വസ്ത്രത്തിലേക്ക് എന്തോ ഒരു ദ്രാവകം തെറിപ്പിക്കുകയും പിന്നീട് അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് അപരിചിതന്‍ അത് തുടച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതുകഴിഞ്ഞ് നോക്കിയപ്പോഴാണ് പാന്റിന്റെ പിറകിലെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പഴ്‌സ് നഷ്ടപ്പെട്ടത് അറിയുന്നത്. തുടര്‍ന്ന് അവിടെയെല്ലാം തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. മലയാളിയായ ഇയാളുടെ പേഴ്‌സില്‍ 250 ദിനാറാണ് ഉണ്ടായിരുന്നത്.

സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇത്തരത്തില്‍ പോക്കറ്റടി വര്‍ദ്ധിച്ചതോടെ പ്രവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. ആളുകള്‍ കരുതി ഇരിക്കണമെന്നും എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതുമാണ്.

Related Articles