പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന നിലപാടാണ് ബഹ്‌റൈന്റെതെന്ന ആംനെസ്റ്റിയുടെ വാദം തെറ്റ്;വിദേശകാര്യ മന്ത്രാലയം

മനാമ: പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുക എന്ന നലിപാടാണ് ബഹ്‌റൈന്‍ സ്വീകരിക്കുന്നതെന്ന ആംനെസ്റ്റിയുടെ ആരോപണത്തിനെതിരെ ശകതമായ നിലപാടുമായി വിദേശകാര്യ മന്ത്രാലയം. ആംനെസ്റ്റിയുടെ ഈ ആരോപണം തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് തീവ്രവാദ ഭീഷണി, പ്രാദേശിക സംഘര്‍ഷങ്ങള്‍, അസഹിഷ്ണുത എന്നിവയില്‍ ബാഹ്യമായ ഇടപെടല്‍ ഉണ്ടായിട്ടും രാജ്യത്തിന്റെ പരമാധികാരവും മനുഷ്യാവകാശവും സംരക്ഷിക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങള്‍ രാജ്യം നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തിനെതിരെ ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയ ആംനെസ്റ്റിയെ സര്‍ക്കാര്‍ ശക്തമായി വിമര്‍ശിച്ചു. അതെസമയം റിപ്പോര്‍ട്ടിന്റെ ഉറവിടം ആംനെസ്റ്റി വ്യക്തമാക്കുന്നില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മനുഷ്യാവകാശ സംഘടന എന്ന നിലയില്‍ ആംനെസ്റ്റി തെറ്റായ വാര്‍ത്തകള്‍ അടിസ്ഥാനമാക്കി ആരോപണങ്ങള്‍ ഉന്നയിക്കാതെ അധികൃതരുമായി വിവരങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി.

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിന്നും വ്യതിചലിക്കുന്ന രീതിയാണ് ഇതെന്നും ഈ രീതി സംഘടയ്ക്ക് ഹാനീകരമയിരിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വെല്ലുവിളികള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇടയില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയാണ് രാജ്യം സ്വീകരിക്കുന്നത്. ദേശീയ നിയമങ്ങള്‍ അംഗീകരിച്ചുകൊണ്ട് ജനങ്ങളുടെ സാമൂഹ്യ, രാഷ്ട്രീയ, വ്യക്തിപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ബഹ്‌റൈന്‍ ശ്രമിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.