ബഹ്‌റൈനില്‍ എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

മനാമ: രാജ്യത്ത് എയ്ഡ്‌സ് ബാധ മൂലമുള്ള മരണ നിരക്ക് ഓരോ ദിവസവും വര്‍ധിച്ചു വരുന്നു. എന്നാല്‍ രോഗം ബാധിച്ചിട്ടുള്ള പകുതിയോളം പേര്‍ക്കും തങ്ങള്‍ വൈറസ് വാഹകരാണെന്ന കാര്യം അറിയില്ലെന്നതാണ് സത്യം.

എച്ച് ഐ വി വൈറസ്സുകള്‍ സൃഷ്ടിക്കുന്ന എയ്ഡ്‌സ് രോഗം രോഗികളുടെ പ്രതിരോധ ശേഷി ഇല്ലാതാക്കി മരണത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. 2016 അവസാനത്തെ കണക്കു പ്രകാരം ലോകത്ത് 36.7 ദശലക്ഷം എച്ച്‌ഐവി ബാധിതര്‍ ഉണ്ടായിരുന്നു വെന്നാണ് കണക്ക്. 2001 മുതലാണ് മേഖലയില്‍ ഈ രോഗം വ്യാപകമായി പടരാന്‍ തുടങ്ങിയത്. മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക(മെനാ) രാഷ്ട്രങ്ങളില്‍ കഴിഞ്ഞവര്‍ഷത്തെ എയ്ഡ്‌സ് മരണ നിരക്ക് 11,000 ആണെന്നും ഇത് 2010 നെ അപേക്ഷിച്ച് 19 ശതമാത്തിന്റെ വര്‍ധനവാണ് കാണിക്കുന്നതെന്നും സാംക്രമിക രോഗ സര്‍വകാലാശാല മേധാവി ഡോ.കമാല്‍ മര്‍ഹോം എല്‍ ഫിലാലി പറഞ്ഞു. ലോകത്ത് എയ്ഡ്‌സ് ബാധ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രണ്ടുമേഖലകളില്‍ ഒന്നാണ് മെനാ എന്നും അദേഹം വ്യക്തമാക്കി. ക്ലിനിക്കല്‍ മൈക്രോബയോളജി ആന്റ് ഇന്‍ഫക്ഷ്യസ് ഡിസീസ് ഗള്‍ഫ് കോണ്‍ഗ്രസ് രണ്ടാമത് എഡിഷനില്‍ സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എച്ച് ഐ വി ബാധ മൂല മുണ്ടാക്കുന്ന മോശത്തരമാലോചിച്ച് പലരും ചികിത്സ നടത്തുന്നില്ലെന്നും രാജ്യത്ത് 42 ശതമാനത്തോളം പേര്‍ ഇത്തരം ചികിത്സ നടത്താന്‍ തയ്യാറാവത്തവരാണെന്നും അദേഹം വ്യക്തമാക്കി.

സമ്മേളനം ഉപപ്രധാനമന്ത്രി ഷെയ്ഖ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി ഫഈഖ അല്‍ സേലഹു ചടങ്ങില്‍ സംബന്ധിച്ചു.