ബഹ്‌റൈനില്‍ പ്രവാസി നിര്‍മ്മാണത്തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങി മരിച്ചു

മനാമ:കെട്ടിടനിര്‍മ്മാണ ജോലിക്കിടെ നിര്‍മ്മാണ തൊഴിലാളി മണ്ണിനടയില്‍ അകപ്പെട്ട് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി കമലാകര്‍ റായ്(21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സല്‍മാബാദില്‍ വെച്ച് അപകടം സംഭവിച്ചത്. ഇവിടെ മന്ത്രാലയത്തിന്റെ ഉടമസ്ഥതയില്‍ പണിതുകൊണ്ടിരിക്കുന്ന റാംലി ഹൗസിംഗ് പ്രോജക്ടുകളുടെ കമ്പനിയുടെ കരാര്‍ ജോലിക്കിടെയാണ് അപകടം ഉണ്ടായത്.

കെട്ടിടത്തിനായി കുഴിയെടുത്ത് മുകളിലെത്തിയ റായ് തന്റെ മറന്നു വെച്ച ഹെല്‍മെറ്റ് എടുക്കാനായി കുഴിയിലേക്ക് ഇറങ്ങിയപ്പോഴാണ് മണ്ണ് ഇടിഞ്ഞുവീണ് അപകടം സംഭവിച്ചത്. ഉടന്‍തന്നെ കൂടെയുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുറത്തെതടുത്തപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. 20 മിനിറ്റോളം മണ്ണിനടിയില്‍ കിടന്ന് ശ്വാസം കിട്ടാതെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അല്‍ദൂര്‍ എക്‌സ്‌കവേഷന്‍ ആന്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരനാണ് റായ്.

അപകടത്തെ തുടര്‍ന്ന് ഈ സൈറ്റിലെ മറ്റെല്ലാ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കരാര്‍ കമ്പനിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റായിയുടെ മൃതദേഹം സാല്‍മിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.