ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

മനാമ: കണ്ണൂര്‍ സ്വദേശിയായ യുവാവ് വാഹനാപകടത്തില്‍ മരണപ്പെട്ടു. പാലത്തിങ്കര പൊയില്‍ വീട്ടില്‍ കുഞ്ഞുമൊയ്ദീന്റെ മകന്‍ ഖാലിദ്(38) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഗുദൈനിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

ഖാലിദ് ഉമല്‍ഹസത്ത് സീനത്ത് ഹോംസ് എന്ന കെട്ടിടത്തിന്റെ വാച്ച്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനുപുറമെ ഗുദൈബിയയിലുള്ള അല്‍മോസ്‌കി ബില്‍ഡിങ്ങിന്റെ താല്‍ക്കാലിക ചുമതലയും ഇദേഹത്തിനായിരുന്നു. ഇതിന്റെ ആവശ്യത്തിനായി ഉമ്മുഹസമില്‍ നിന്ന് ഗുദൈബിയയിലേക്ക് വരുന്ന വഴി ഖാലിദ് സഞ്ചരിച്ചിരുന്ന സൈക്കിളില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ്.