ബഹ്‌റൈനില്‍ 50 കഴിഞ്ഞ പ്രവാസികള്‍ ഔട്ട്…?

മനാമ: രാജ്യത്ത് ജോലി ചെയ്തുവരുന്ന 50 വയസിന് മുകളിലുള്ള പ്രവാസികള്‍ ജോലിയില്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ചുള്ള ബില്ലില്‍ പ്രതിനിധി സഭ വോട്ടെടുപ്പ് നടത്തുന്നു. ഇക്കാര്യത്തില്‍ ഈ ആഴച്ച വോട്ടെടുപ്പ് നടത്തും. 50 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസികളെ വിലക്കുകയും നിലവിലുള്ള തൊഴിലില്‍ നിന്ന് പിരിച്ചുവിടാനും നിര്‍ദേശിക്കുന്ന ബില്ലിന്‍ മേലാണ് വോട്ടെടുപ്പ് നടക്കുന്നത്.

പ്രവാസി തൊഴിലാളികളുടെ പ്രായപരിധി 50 എന്നാക്കുന്നതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിനിധി സഭയില്‍ ഈ ബില്‍ ചര്‍ച്ചയ്‌ക്കെത്തുന്നത് ഇതാദ്യമല്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലും എംപി ജലാല്‍ കാദിം ഈ ബില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്ന് നിയമനിര്‍മാതാക്കള്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് ബില്ല് നിരസിക്കുകയുമായിരുന്നു.

അതെസമയം അനുഭവസമ്പന്നരായ തൊഴിലാളികളെ ഇത്തരത്തില്‍ പിരിച്ചുവിട്ടാല്‍ അത് തൊഴിലുടമകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഇതിനെതിരാണ്. ഇവര്‍ക്ക് പുറമെ അന്താരാഷ്ട്ര തൊഴില്‍ കണ്‍വെന്‍ഷന്‍ നിയമങ്ങള്‍ക്ക് എതിരായാല്‍ ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, രാജ്യത്തെ ചില തൊഴിലാളി യൂണിയനുകള്‍ എന്നിവരും ബില്ലിനെ എതിര്‍ക്കുന്നുണ്ട്.

ഏതായാലും ചൊവ്വാഴ്ച ചേരുന്ന പാര്‍ലമെന്റ് യോഗത്തില്‍ ഈ ബില്ലിന്മേലുള്ള റിപ്പോര്‍ട്ട് പരിഗണിക്കുന്നതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതവരും.