ബഹ്‌റൈനില്‍ ശമ്പളം മുടങ്ങിയ തൊഴിലാളികളുടെ പ്രശനത്തില്‍ സാര്‍ക്കാര്‍ ഇടപെട്ടു

മനാമ: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ജി പി സക്കറിയദെസ് സിവില്‍ എഞ്ചിനിയറിങ് ആന്റ് കോണ്‍ട്രാക്ടേഴ്‌സ് തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ ഇടപ്പെട്ടു. തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നല്‍കുന്നതിലേക്കായി 5,00,000 ദിനാര്‍ ഉടന്‍ അനുവദിക്കാന്‍ തീരുമാനമെടുത്തതായി തൊഴി ല്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സബാഹ് അല്‍ ദോസരി പറഞ്ഞു. ഇതുപ്രകാരം തൊഴിലാളികള്‍ക്ക് കിട്ടാനുള്ള ശമ്പളം അടുത്ത ദിവസം മുതല്‍ വിതരണം ചെയ്തു തുടങ്ങും.

അതെസമയം തങ്ങളുടെ കരാര്‍ ജോലികളുടെ തുക സര്‍ക്കാരില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും പിരിഞ്ഞുകിട്ടാത്തതിനാലാണ് ശമ്പളം മുടങ്ങിയതെന്നാണ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വിശദീകരണം.

വളരെ തുച്ഛമായ തുക ശമ്പളം വാങ്ങി പത്തും പതിനഞ്ചും വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരുന്നവരാണ് ഇവരില്‍ പലരും. ഇവരുടെ പാസ്‌പോര്‍ട്ടുകളും കമ്പനിയുടെ കൈവശമാണ്.

കഴിഞ്ഞദിവസം ശമ്പളം ലഭിക്കാത്ത നൂറുകണക്കിന് തൊഴിലാളികള്‍ പൊരിവെയ്‌ലത്ത് അഞ്ചു മണിക്കൂറോളം പ്രതിഷേധ സമരവുമായി തെരുവിലിറങ്ങിയിരുന്നു.