പുതുവര്‍ഷത്തില്‍ തൊഴില്‍ മേഖലയിലെ പരിഷ്‌കാരവും വര്‍ദ്ധിച്ച ജീവിത ചിലവും; ബഹ്‌റൈനില്‍ പ്രവാസികള്‍ ആശങ്കയില്‍

മനാമ: പുതുവര്‍ഷത്തില്‍ ബഹ്‌റൈനിലെ പ്രവാസി സമൂഹം ഏറെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. പ്രവാസികളെ സംബന്ധിച്ച് പല തരത്തിലുള്ള മാറ്റങ്ങളും, നിയമ പരിഷ്‌കരണങ്ങളും വര്‍ദ്ധിച്ച ജീവിത ചിലവും എല്ലാം തന്നെ പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുന്ന പ്രധാന ഘടകങ്ങളാണ്.

കോള, സഗരറ്റ് എന്നിവയ്‌ക്കേര്‍പ്പെടുത്തിയിരിക്കുന്ന നികുതിക്ക് പിന്നാലെ വര്‍ധിച്ച പെട്രോള്‍ നിരക്കും സാധാരണക്കാരായ പ്രവാസികളെ ഭയപ്പെടുത്തുകതന്നെയാണ് ഉണ്ടായിരിക്കുന്നത്. മുംതാസ് പെട്രോളിന് ഇരുപത്തിയഞ്ച് ശതമാനവും, ജായിദ് പെട്രോളിന് 12 ശതമാനവുമാണ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ലിറ്ററിന് 125 ഫില്‍സിന് നല്‍കിയിരുന്ന ജായിദ് പെട്രോളിന് ഇനി മുതല്‍ 140 ഫില്‍സും, 160 ഫില്‍സിന് നല്‍കിയിരിക്കുന്ന മുംതാസ് പെട്രോളിന് 200 ഫില്‍സും നല്‍കണം. ഇതോടെ ഇവിടെയുള്ള പൊതുഗതാഗത മാര്‍ഗങ്ങളായ ബസ്, ടാക്‌സി എന്നിവയുടെ നിലവിലുള്ള നിരക്ക് ഉയരാനാണ് സാധ്യത.

ബഹ്‌റൈനില്‍ അനധികൃതമായി ടാക്‌സി ഓടിച്ച് ജീവിക്കുന്ന വിദേശികള്‍ ഏറെയാണ്. നിയമപരമായി കര്‍ശന ശിക്ഷ ലഭിക്കാനുള്ള കുറ്റമാണ് ഇതെങ്കിലും പലരുടെയും തൊഴിലിടങ്ങളിലേക്കുള്ള യാത്രകള്‍ ഇത്തരം അനധികൃത ടാക്‌സികളെ ആശ്രയിച്ചാണ്. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെയും ഈ പെട്രോള്‍ വില സാരമായി ബാധിക്കും.

ഇതിനുപുറമെ ഇനിമുതല്‍ ഫാമിലി വിസക്ക് അപേക്ഷിക്കണമെങ്കില്‍ 400 ദിനാര്‍ പ്രതിമാസ വരുമാനം വേണമെന്ന പുതിയ നിബന്ധനയും പ്രവാസികളെ കഷ്ടത്തിലാക്കുന്നതാണ്. കുട്ടികളുടെ വിദ്യഭ്യാസം, ആരോഗ്യം , വാടക തുടങ്ങിയ ചിലവുകളെല്ലാം തന്നെ ഏറിവരുന്നത് പ്രവാസികളെ വ്യാകുലപ്പെടുത്തുകതന്നെയാണ്. ഇതിനെല്ലാം പുറമെ വരാനിരിക്കുന്ന വാറ്റ് നികുതി ഏത് തരത്തില്‍ ബാധിക്കുമെന്ന ആശങ്കയും പടര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഈ തരത്തില്‍ ഓരോ ദിവസത്തിലും പല മാറ്റങ്ങളാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Related Articles