ബഹ്‌റൈനില്‍ ഭീകരസംഘടനയുമായി ബന്ധമുള്ള നിരവധി പേര്‍ പോലീസ് പിടിയില്‍

മനാമ: രാജ്യത്ത് ഭീകരഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ പിടിയിലായി. അല്‍ അശ്തര്‍ ഭീകര ഗ്രൂപ്പിനെതിരെ നടന്ന പോലീസ് നടപടിയില്‍ നിരവധി പേരെ പോലീസ് പിടികൂടിയതായി പെതുസുരക്ഷ വിഭാഗം മേധാവി മേജര്‍ ജനറല്‍ താരിഖ് ബിന്‍ ഹസന്‍ അല്‍ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ‘ദ ആക്‌സ്’ എന്ന പേരില്‍ നടത്തിയ സുരക്ഷാനടപടിയില്‍ ബോംബ് നിര്‍മാണ സാമഗ്രികളും അത്യുഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. അല്‍ദൈറില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയതായി അദേഹം വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ 80008008 എന്ന ഹോട്ട്‌ലൈനില്‍ അറിയിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഈ മേഖലയില്‍ കൂടുതല്‍ സുരക്ഷാ ഭടന്‍മാരെ വിന്യസിപ്പിച്ചിട്ടുണ്ട്. 52 ടി.എന്‍.ടി സ്‌ഫോടക വസ്തുക്കള്‍, യൂറിയ നൈട്രേറ്റ്, അമോണിയം നൈട്രേറ്റ്, സ്‌ഫോടക വസ്തു നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടരുടെ സാന്നിധ്യത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ബോംബ് നിര്‍മ്മിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അത് ഇറാനിലെ ഭീകരസംഘടനയുടെ നേതാക്കള്‍ക്ക് അയച്ചുകൊടുക്കുകയും അവിടെ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രഹരണ ശേഷി വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുകയായിരുന്നെന്നും അന്വേഷണ സംഘത്തിന് വ്യക്തമായതായും അദേഹം പറഞ്ഞു. ഇത് പൊട്ടുകയാണെങ്കില്‍ 600 മീറ്റര്‍ പരിധിയില്‍ ആഘാതമുണ്ടാകുമായിരുന്നെന്നും അദേഹം വ്യക്തമാക്കി.

രണ്ട് ഭീകര സെല്ലുകളിലുള്ളവരാണ് പിടിയിലായിരിക്കുന്നത്. ഇതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട അബദുല്ല അബ്ദുല്‍ മഹ്ദി ഹസന്‍ അല്‍ അറാദി(24), ഹാനി സഊദ് ഹുസൈന്‍ അല്‍ മുഅമീന്‍(19) എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് രാജ്യത്തെ മറ്റ് ഭീകര ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്.