ബാഗ്ദാദ് കാര്‍ ബോംബ് സ്‌ഫോടനം: മരണസംഖ്യ 130 ആയി

 

_84855235_84855234ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ കഴിഞ്ഞ ദിവസമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 130 ആയി. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഷിയ വംശജര്‍ ഏറ്റവും കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത്. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ശനിയാഴ്ച നോമ്പ് തുറന്നതിന് ശേഷം ജനങ്ങള്‍ ഷോപ്പിങ്ങിനും മറ്റുമായി പുറത്തിറങ്ങിയ സമയത്താണ് രണ്ടിടങ്ങളിലായി ബോംബ് സ്‌ഫോടനം ഉണ്ടായത്. ഷോപ്പിംഗ് കോംപ്ലക്‌സിനും തിരക്കേറിയ ഒരു റസ്‌റ്റോറന്റിനും ഇടയിലാണ് സ്‌ഫോടനം ഉണ്ടായത്. ബാഗ്ദാദിലെ കരജ ജില്ലയിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. പിന്നീട് കിഴക്കന്‍ ബാഗ്ദാദിലും സ്‌ഫോടനമുണ്ടായി.

ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്ന ഫലൂജ നഗരം സൈന്യം പൂര്‍ണമായും തിരിച്ച് പിടിച്ചതിന് പിന്നാലെയാണ് ഈ ബോംബ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇറാഖി സര്‍ക്കാര്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.